പത്രങ്ങൾ വായിക്കുന്നവർ ഒരു ’ഫിൽട്ടർ‘ കൂടി കരുതണം: ഡോ. ചക്കാലയ്ക്കൽ
പത്രങ്ങൾ വായിക്കുന്നവർ ഒരു ’ഫിൽട്ടർ‘ കൂടി കരുതണം: ഡോ. ചക്കാലയ്ക്കൽ
Sunday, June 26, 2016 12:22 PM IST
കോഴിക്കോട്: ഇന്നത്തെ കാലത്തു പത്രങ്ങൾ വായിക്കുന്നവർ ഒരു ഫിൽട്ടർ കൂടി കരുതണമെന്നു കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ. ’പത്രങ്ങളിൽ പറയുന്നതെല്ലാം സത്യമാണെന്ന് ആരും കരുതരുത്. ഓരോ മാധ്യമങ്ങൾക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. അതു വിജയിപ്പിക്കാൻ അവർ വാർത്തകൾ മെനയും. ഇതു തിരിച്ചറിയാൻ ’സെൻസ്’ എന്ന ഫിൽട്ടർ കരുതണം. എന്നാൽ, ദീപികയ്ക്ക് ആ ഫിൽട്ടർ ആവശ്യമില്ല’.

ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന സംഘടിപ്പിച്ച ‘ദീപിക കുടുംബ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

’സത്യം അറിയാൻ ആഗ്രഹിക്കുന്നവർ ദീപിക വായിക്കണം. മറ്റു പത്രങ്ങളിൽ വരുന്നതെല്ലാം അസത്യമാണെന്നല്ല. കേരളത്തിലെ സംഭവങ്ങൾ, വിദേശ വാർത്തകൾ, സഭാവിവരങ്ങൾ തുടങ്ങിയവയുടെ കൂടുതൽ യാഥാർഥ്യങ്ങളറിയാൻ ദീപിക തന്നെ വായിച്ചേ മതിയാവൂ. ബിഷപ്സ് ഹൗസിൽ ഏതാണ്ടെല്ലാ പത്രങ്ങളും വരുത്തുന്നുണ്ട്. ഇതിൽ ഞാനാദ്യം വായിക്കുന്ന പത്രം ദീപികയാണ്. – ബിഷപ് വ്യക്‌തമാക്കി.

പാറോപ്പടി സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫൊറോന വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പാറോപ്പടി ഇടവകയിൽ ദീപികയുടെ 500–ാമത് വരിക്കാരനു ബിഷപ് പത്രം കൈമാറി. വിവാഹ ജീവിതത്തിൽ അമ്പതു വർഷങ്ങൾ പിന്നിട്ട മുപ്പതിൽപ്പരം ദമ്പതികൾ, കഴിഞ്ഞ എസ്എസ്എൽസി – പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾ, മികച്ച യുവജന പ്രവർത്തകർ, ഫൊറോനയിലെ കൂടുതൽ മക്കളുള്ള കുടുംബം എന്നിവരെ ആദരിച്ചു. ഡിഎഫ്സിയുടെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ ദീപികയുടെ വരിക്കാരെ ചേർത്ത ഫൊറോന വികാരി ഫാ.ജോസ് ഓലിയക്കാട്ടിനും അസിസ്റ്റന്റ് വികാരി ഫാ.ജോർജ് വെള്ളാരംകാലായിലിനും ബിഷപ് ഡിഎഫ്സിയുടെ ഉപഹാരം നല്കി.


ഫൊറോനയിലെ ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബത്തിന്റ നാഥൻ ഡോ.ഏബ്രഹാം ജേക്കബ് ചെത്തിപ്പുഴ, കെസിവൈഎം പാറോപ്പടി യൂണിറ്റ് പ്രസിഡന്റ് കരോൾ കെ.ജോൺ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പത്താം റാങ്ക് നേടിയ റോഷിൻ റാഫേൽ എന്നിവർക്കും ബിഷപ് ഉപഹാരം കൈമാറി. താമരശേരി രൂപതാ വികാരി ജനറാൾ മോൺ.ജോൺ ഒറവുങ്കര, ഡിഎഫ്സി സംസ്‌ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ, രൂപതാ ഡയറക്ടർ ഫാ.തോമസ് പാറൻകുളങ്ങര, ദീപിക റസിഡന്റ് മാനേജർ ഫാ.ജോയ്സ് വയലിൽ, ഡിഎഫ്സി രൂപതാ പ്രസിഡന്റ് അഡ്വ.ജോർജ് വട്ടുകുളം, ദീപിക അസിസ്റ്റന്റ് ജനറൽ മാനേജർ ഡി.പി.ജോസ്, ഡിഎഫ്സി ഇടവക പ്രസിഡന്റ് നൈജിൽ പുരയിടം, ഫൊറോന സെക്രട്ടറി ആന്റോ നെല്ലിേൾരി, ഡോ.ഏബ്രഹാം ജോസഫ്, കരോൾ കെ.ജോൺ എന്നിവർ പ്രസംഗിച്ചു.

ദീപിക സർക്കുലേഷൻ മാനേജർ പ്രിൻസി ജോസ്, ഡിഎഫ്സി ഭാരവാഹികളായ സെബാസ്റ്റ്യൻ തുണ്ടത്തിൽ, സണ്ണി കട്ടക്കയം, ഷൈജു പയ്യപള്ളി, ബാബു മേച്ചേരി, ജോമോൻ വെള്ളാപ്പള്ളി തുടങ്ങിയവർ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.