വർഗീയതയോടുള്ള മൃദുസമീപനം വലതുപക്ഷ പരാജയത്തിനിടയാക്കി: എൻഎസ്എസ്
വർഗീയതയോടുള്ള മൃദുസമീപനം വലതുപക്ഷ  പരാജയത്തിനിടയാക്കി: എൻഎസ്എസ്
Saturday, June 25, 2016 11:48 AM IST
ചങ്ങനാശേരി: വർഗീയതയോടുള്ള മൃദുസമീപനം വലതുപക്ഷത്തിന്റെ പരാജയത്തിനിടയാക്കിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്നയിലെ നായർ പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന എൻഎസ്എസ് ബജറ്റ് അവതരണ പ്രസംഗത്തിലാണ് ജനറൽ സെക്രട്ടറി ഇക്കാര്യം പ്രതിപാദിച്ചത്. വർഗീയതയുടെ കാര്യത്തിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാടിന് അനുകൂലമായ വിധിയെഴുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. ജനം വിധിയെഴുതിയത് വർഗീയതയ്ക്കെതിരേയുള്ള നിലപാടിനനുകൂലമായിട്ടാണെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ നല്ല കാര്യങ്ങളെ അനുകൂലിക്കുകയും തെറ്റായ നയങ്ങളെ എതിർക്കുകയും ചെയ്യുന്ന സമീപനംതന്നെ എൻഎസ്എസ് തുടരും. ഗവൺമെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾക്കുള്ള അവകാശം മത–സാമുദായിക സംഘടനകൾക്കുമുണ്ട്. ഇത് എൻഎസ്എസ് കൃത്യമായി നിർവഹിച്ചുപോരുകയാണ്. സമുദായനീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസ് എന്നും തുടരും. എൻഎസ്എസിന്റെ നയങ്ങളോടും നിലപാടുകളോടും മാന്യമായ സമീപനം പുലർത്തിയവർക്ക് തെരഞ്ഞെടുപ്പിൽ അർഹമായ ഗുണം ലഭിച്ചിട്ടുണ്ട്. എൻഎസ്എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന സമീപനമാണുള്ളത്. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും സമദൂര നിലപാടു സ്വീകരിച്ചതിന്റെ പിന്നിലെ ലക്ഷ്യവും ഇതായിരുന്നുവെന്നും ഈ നയം ഫലംകണ്ടുവെന്നതാണ് തെരഞ്ഞെടുപ്പു വിജയത്തിലൂടെ കാണാനായതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജനാധിപത്യ ഭരണമാണ് ജനങ്ങൾ ഇനിയും സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തിനും സാധിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾകൊണ്ട് നിവധി കാര്യങ്ങൾ കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ സർക്കാരിന്റെ സഹകരണത്തോടെ സാധിച്ചെടുക്കാൻ കഴിഞ്ഞതായും എൻഎസ്എസ് ജനറൽസെക്രട്ടറി കൂട്ടിച്ചേർത്തു.

98.15 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷതവഹിച്ചു.


<ആ>ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം

ചങ്ങനാശേരി: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിട്ട് നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നിലവിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലനിർത്തണമെന്നും പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനം പാസാക്കിയ പ്രമേയം സംസ്‌ഥാന സർക്കാരിനോടാവശ്യപ്പെട്ടു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് പ്രമേയം അവതരിപ്പിച്ചത്. ഡയറക്ടർബോർഡ് അംഗം ഹരികുമാർ കോയിക്കൽ അനുവാദകനായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലും ബന്ധപ്പെട്ട ക്ഷേത്രങ്ങളിലും നിയമനം സംബന്ധിച്ച് ക്രമക്കേടുകൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിയമനം പിഎസ്സിക്കു വിടാൻ തീരുമാനിച്ചെങ്കിലും സ്പെഷൽ റൂൾസ് ഉണ്ടാക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.

നിയമനം പിഎസ്സിക്കു വിടുന്നതിനെതിരേ എൻഎസ്എസ് അടക്കമുള്ള വിവിധ സംഘടനകൾ സർക്കാരിൽ നിവേദനം സമർപ്പിച്ചു. ഇതേത്തുടർന്ന് കേരള ഹൈക്കോടതി അംഗീകരിച്ച ജസ്റ്റീസ് പരിപൂർണൻ കമ്മീഷന്റെ ശിപാർശയ്ക്ക് അനുസൃതമായാണ് ഹിന്ദുസ്‌ഥാപനങ്ങളായ ദേവസ്വം ബോർഡുകൾക്കുവേണ്ടി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹിന്ദുക്കൾ മാത്രമടങ്ങുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്‌ഥാപിതമായത്. പിഎസ്സിയെപ്പോലെ സുതാര്യമായ രീതിയിൽ പരീക്ഷയും ഇന്റർവ്യൂവും നടത്തി ജീവനക്കാരെ നിയമിക്കുകയാണ് ബോർഡിന്റെ ചുമതല.


എന്നാൽ, ഈ ബോർഡ് പിരിച്ചുവിട്ട് നിമനചുമതല സെക്യുലർ സ്‌ഥാപനമായ പിഎസ്സിയെ ഏല്പിക്കുന്നത് അനുചിതവും പ്രതിഷേധാർഹവുമാണ്. പുതുതായി ചുമതലയേറ്റ ദേവസ്വം മന്ത്രിയാണ് ഈ ബോർഡ് പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടരുതെന്ന് കാണിച്ച് എൻഎസ്എസ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിവേദനം പരിഗണിക്കുമെന്നാണു കരുതുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കിക്കാൻ സംസ്‌ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും സമ്മേളനം പാസാക്കി. ശബരിമലയിൽ ലിംഗവിവേചനം നിലനില്ക്കുന്നുവെന്നും അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും കാണിച്ച് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് എൻഎസ്എസ് ഈ പ്രമേയം അവതരിപ്പിച്ചത്. എൻഎസ്എസ് ഡയറക്ടർബോർഡംഗം എൻ.വി.അയ്യപ്പൻപിള്ള അവതാരകനും ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു അനുവാദകനുമായിരുന്നു.


<ആ>പാലക്കാട് പാറക്കുളത്ത് എയ്ഡഡ് കോളജിന് അനുമതി

ചങ്ങനാശേരി: പാലക്കാട് പാറക്കുളത്ത് കോഴിക്കോട് സർവകലാശാലയ്ക്കു കീഴിൽ എൻഎസ്എസിന് പുതിയ എയ്ഡഡ് കോളജിന് അനുമതി ലഭിച്ചതായി എൻഎസ്എസ് ബജറ്റ് അവതരണ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നത്തുപത്മനാഭന്റെ കാലം മുതൽ അപേക്ഷ സമർപ്പിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് കോളജിന് അനുമതി ലഭിച്ചത്. ഔട്ട് ഓഫ് അജണ്ടയിൽ ഉൾപ്പെടുത്തിയാണ് കോളജിന് അനുമതി ലഭിച്ചിരിക്കുന്നത്. കോളജ് ആരംഭിക്കുന്നതിനായി സർക്കാരും മാനേജ്മെന്റും തമ്മിൽ കരാർ ഒപ്പുവച്ചുകഴിഞ്ഞു. പുതിയ അധ്യയനവർഷത്തിൽ ബി.എ ഇംഗ്ലീഷ്, ബി.എസ്സി ബോട്ടണി, ബി.കോം ഫിനാൻസ് കോഴ്സുകൾ ആരംഭിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും എൻഒസി ലഭിക്കുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കും. കോളജ് ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടതായും സുകുമാരൻ നായർ പറഞ്ഞു.

നിലമ്പൂരിൽ പുതിയ ആയുർവേദ ആശുപത്രി ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പന്തളത്ത് മന്നം ആയുർവേദാശുപത്രിയോടു ചേർന്ന് മന്നം ഹെറിറ്റേജ് ഹോം സ്‌ഥാപിക്കും. സമുദായാംഗങ്ങളുടെ വിദ്യാഭ്യാസം, ഭവനനിർമാണം, വിവാഹം എന്നിവയ്ക്കായി ഒരു കോടി രൂപയുടെ പൂവർ എയ്ഡ് ഫണ്ടിനും രൂപം നൽകി.

മുഴുവൻ കരയോഗങ്ങളിലും ആധ്യാത്മിക പഠനകേന്ദ്രം ആരംഭിക്കുന്നിന് 60 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി സംരക്ഷണത്തിന് 4.57 കോടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമൂഹ്യ സേവനപദ്ധതികൾക്കും മാനവവിഭവശേഷിക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. അറുപത് താലൂക്ക് യൂണിയനുകളിലെ 18,000 വനിതാ സഹായ സംഘങ്ങളിലെ മൂന്ന് ലക്ഷം അംഗങ്ങൾക്കുള്ള ക്രയവിക്രയത്തുക രണ്ടായിരം കോടിയാക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.


<ആ>എൻഎസ്എസ് പ്രസിഡന്റ് വീണ്ടും ഡയറക്ടർ ബോർഡിൽ

ചങ്ങനാശേരി: പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ ഉൾപ്പെടെ ഒമ്പതു പേരെ എൻഎസ്എസ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തു. പി. ബാലകൃഷ്ണപിള്ള (കോട്ടയം), എം. സംഗീത്കുമാർ (തിരുവനന്തപുരം), കെ.എം. രാജഗോപാലപിള്ള (മാവേലിക്കര), വി. രാഘവൻ (തളിപ്പറമ്പ്), കെ.ആർ.ശിവൻകുട്ടി(പന്തളം), സി.പി. ചന്ദ്രൻനായർ(മീനച്ചിൽ), ജി. മധുസൂദനൻപിള്ള (ചിറയിൻകീഴ്), ഡി. അനിൽകുമാർ(തിരുവല്ല) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.