പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി
Saturday, June 25, 2016 11:48 AM IST
തിരുവനന്തപുരം: ജീവനക്കാർക്ക് ദോഷകരമായ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ്’ എന്ന സംസ്‌ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്കരണം പത്തു വർഷത്തിലൊരിക്കൽ മതിയെന്ന പത്താം ശമ്പള കമ്മീഷന്റെ ശിപാർശ സർക്കാർ തള്ളും. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണം ജനപക്ഷമാകണമെങ്കിൽ ഉദ്യോഗസ്‌ഥ സംവിധാനം മെച്ചമാകണം. സേവന സാഹചര്യം സംതൃപ്തമാകണം. ആവശ്യമായ ജീവനക്കാർ വേണം. ഓഫീസുകളുടെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുന്ന സംസ്കാരം ജീവനക്കാർക്ക് ഉണ്ടാകണം. സേവനാവകാശനിയമം എല്ലാ വകുപ്പുകളിലും ഫലപ്രദമാകണം. ജീവനക്കാരുടെ സേവന–വേതന വ്യവസ്‌ഥകൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, സിവിൽ സർവീസിനെ ജനപക്ഷമാക്കി മാറ്റാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ സിവിൽ സർവീസിനെ മാതൃകയാക്കിയതിനാൽ അതിനു കഴിഞ്ഞില്ലെന്നാണു പറയുന്നത്. ഭരണം കാര്യക്ഷമമാക്കാനും സേവനോന്മുഖമാക്കാനും ലക്ഷ്യമിട്ടാണു ഭരണപരിഷ്കാര കമ്മീഷനെ നിയോഗിച്ചത്. അതിനുശേഷം അധികാര വികേന്ദ്രീകരണത്തിനു തുടക്കമിട്ടു. സെൻ കമ്മിറ്റിയെ നിയോഗിക്കുകയും അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവും നടപ്പാക്കുകയും ചെയ്തു. ഉദ്യോഗസ്‌ഥ പുനർവിന്യാസം തുടങ്ങി. ആ പ്രക്രിയ പൂർണമായും നടപ്പായില്ല. ഭരണപരിഷ്കരണ നടപടികൾക്ക് തുടർച്ചയുണ്ടാക്കി ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.


എൻജിഒ യൂണിയൻ പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയിൽ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയം അവതരിപ്പിച്ചു. എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എൻ.– രവികുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.