ജിഷ വധക്കേസ്: പ്രതിയെ രഹസ്യമായി പെരുമ്പാവൂരിൽ എത്തിച്ചു തെളിവെടുത്തു
Saturday, June 25, 2016 11:41 AM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/ പെരുമ്പാവൂർ: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിനെ പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കൊണ്ടുവന്നു രഹസ്യമായി തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണു തെളിവെടുപ്പിനായി ഇയാളെ എത്തിച്ചത്. കൊലനടന്ന ജിഷയുടെ വീട്, കൃത്യം നടത്തിയശേഷം പ്രതി ചായ കുടിച്ച പഴയ തിയറ്റർപടിയിലെ ബേക്കറി, ചെരുപ്പുകട തുടങ്ങിയ സ്‌ഥലങ്ങളിൽ കൊണ്ടുപോയാണു തെളിവെടുപ്പ് നടത്തിയത്. മാധ്യമ ശ്രദ്ധ ഉണ്ടാകാതിരിക്കാനാണു രാത്രി എത്തിച്ചതെന്നാണ് സൂചന.

എന്നാൽ, പ്രതിയെ സ്‌ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയ കാര്യം സ്‌ഥിരീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തയാറായില്ല. അന്വേഷണ സംഘമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിയെ ജീപ്പിൽനിന്നു പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. രാത്രി വൈകി സ്‌ഥലത്ത് എത്തിച്ച പ്രതിയെ പുലർച്ചെ വരെ പെരുമ്പാവൂരും പരിസരങ്ങളിലും കൊണ്ടുനടന്നു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ പ്രതിയെ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

തെളിവെടുപ്പു സമയത്തു നൽകിയ വിവരങ്ങളുടെ സ്‌ഥിരീകരണത്തിനായിട്ടാണ് വെള്ളിയാഴ്ച വൈകുന്നേരം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ജിഷയുടെ വീടിനു സമീപത്തെത്തി കൂടുതൽ തെരച്ചിൽ നടത്തിയത്. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഇവർ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ വീണ്ടും പെരുമ്പാവൂരിൽ എത്തിക്കുമെന്നാണു സൂചന.


കൊലപാതകത്തിന് മുമ്പ് സമീപത്തെ വീടിന്റെ മതിൽക്കെട്ടിനരികെ ഏതാനും മണിക്കൂറുകൾ ഒളിച്ചിരിക്കുകയായിരുന്നുവെന്നു പ്രതി അന്വേഷണസംഘത്തിനു മൊഴി നൽകി. ഉച്ചകഴിഞ്ഞ് 3.30 മുതലാണ് അവിടെ ഇരുന്നതായി പ്രതി അറിയിച്ചത്. അന്ന് ഈ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതരസംസ്‌ഥാന തൊഴിലാളികളാണു ജോലിയിൽ ഏർപ്പെട്ടിരുന്നതെന്നും പ്രതി പറഞ്ഞു. സമീപത്തെ വീട്ടിൽ ജോലിക്കെത്തിവരാണ് കൊലപാതകം നടത്തിയതെന്ന ആരോപണം കേസ് അന്വേഷത്തിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. പ്രതി ആ സമയം അവിടെയുണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്‌തമായി. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി അമീറുളിന്റെ സുഹൃത്ത് ഒളിപ്പിച്ചിരിക്കുന്നതായിട്ടാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല.

വെള്ളിയാഴ്ച രാത്രി ആലുവയിൽ എത്തിയ ഡിജിപി പ്രതിയെ ചോദ്യം ചെയ്തു. അന്വേഷണ ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അടക്കമുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ഡിജിപി കേസ് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ഇന്നലെ പത്രസമ്മേളനം നടത്തുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. കേസിൽ തമ്മിൽ ചേരാത്ത ഒരുപാട് കണ്ണികൾ ഇനിയും ശേഷിക്കുന്നുവെന്ന സൂചനയാണ് ഇതു പുറത്തു നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.