സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിക്കു സർക്കാർ അനുമതി
സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള  നടപടിക്കു സർക്കാർ അനുമതി
Saturday, June 25, 2016 11:17 AM IST
തിരുവനനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികൾക്കു സർക്കാർ അനുമതി നൽകി. സിബിഐ അന്വേഷിക്കുന്ന കടകംപള്ളി ഭൂമിതട്ടിപ്പു കേസിൽ 21–ാം പ്രതി സലിംരാജിനെതിരേയുള്ള പ്രോസിക്യൂഷൻ നടപടികൾ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ആരംഭിക്കുന്നതിനു മുന്നോടിയായാണ് പ്രോസിക്യൂഷൻ നടപടിക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ അനുമതി നൽകിയത്. പ്രോസിക്യൂഷൻ അനുമതിയായതോടെ കുറ്റപത്രം വൈകാതെ സിബിഐ കോടതിയിൽ സമർപ്പിക്കും.

കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സിബിഐ എസ്പി, ഒരു വർഷം മുൻപു സംസ്‌ഥാന സർക്കാരിനു കത്തു നൽകിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. പോലീസിൽ സിവിൽ പോലീസ് ഓഫീസറാണു സസ്പെൻഷനിലുള്ള സലിംരാജ്.


സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരേയുള്ള പ്രോസിക്യൂഷൻ നടപടികൾ കോടതിയിൽ ആരംഭിക്കാൻ സർക്കാർ അനുമതി ആവശ്യമാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനൊപ്പം സർക്കാർ അനുമതി പത്രവും ആവശ്യമാണ്. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാത്ത സാഹചര്യത്തിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിലും കാലതാമസം നേരിട്ടിരുന്നു. സലിംരാജിനൊപ്പം റവന്യു വകുപ്പിലെ ജീവനക്കാരിയായ ഭാര്യ ഷംഷാദും കേസിൽ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ പ്രതിപ്പട്ടികയിലുള്ള ഇവരടക്കമുള്ള സർക്കാർ ജീവനക്കാരുടെ പ്രോസിക്യൂഷൻ നടപടിക്കും പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം കടകംപള്ളി വില്ലേജിൽ 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാൻ സലിംരാജ് അടക്കമുള്ളവർ ശ്രമിച്ചെന്നായിരുന്നു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.