സെക്രട്ടേറിയറ്റിൽ ഇ–ഓഫീസ് സംവിധാനം രണ്ടു മാസത്തിനകം
Saturday, June 25, 2016 10:45 AM IST
തിരുവനന്തപുരം: സംസ്‌ഥാന ഭരണം കാര്യക്ഷമമാക്കാനും ജനങ്ങൾക്കു വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച ഇ– ഓഫീസ് സംവിധാനം രണ്ടോ മൂന്നോ മാസത്തിനകം സെക്രട്ടേറിയറ്റ് സർവീസിൽ നടപ്പാക്കാൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പേപ്പർ രഹിത ഓഫിസ് സംവിധാനം ഏർപ്പെടുത്താനാണു നിർദേശം. ഇതിനുള്ള നടപടിക്രമങ്ങൾ രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിനുശേഷം മറ്റു വകുപ്പുകളിലും ഇതു നടപ്പാക്കും. ഫയലുകൾ സെക്രട്ടറിമാർക്കു മുന്നിലെത്തുന്നതിനു മുമ്പു പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ എണ്ണം ചുരുക്കാനുള്ള നിർദേശങ്ങൾ വകുപ്പു തലത്തിൽ സമർപ്പിക്കാൻ എല്ലാ സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി നിർദേശം നൽകി. ഓരോ വകുപ്പിലേയും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ സെക്രട്ടറിമാർ ഇതിനുള്ള ആക്ഷൻ പ്ലാൻ പ്രത്യേകം തയാറാക്കണം. സെക്രട്ടേറിയറ്റിലെത്തുന്ന പരാതികളിൽ മുഖ്യമന്ത്രി നിർദേശിച്ച സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ എന്താണു കാരണമെന്നു വ്യക്‌തമായി രേഖപ്പെടുത്തണം.


ഫയലുകളിൽ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിക്കുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം രണ്ടുമാസത്തിനകം നടപ്പാക്കിത്തുടങ്ങണം. എല്ലാ വകുപ്പുകളിലും പദ്ധതി വിഹിതം കൃത്യമായി ചെലവഴിക്കുന്നുവെന്നു സെക്രട്ടറിമാർ ഉറപ്പാക്കണം. പരാതികൾ സമയത്തു പരിഹരിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം. ജീവനക്കാർക്കും ഉദ്യോഗസ്‌ഥർക്കും ഓരോ സ്‌ഥാനക്കയറ്റത്തിനൊപ്പവും പരിശീലനം നൽകും. ഇതിനുള്ള ആക്ഷൻ പ്ലാനും തയാറാക്കണം. വകുപ്പുകളിലെ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരുടെ പട്ടികയും ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർ നേരിട്ടു നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങളിൽ മാറ്റം വരുത്തും. ഉന്നത ഉദ്യോഗസ്‌ഥരുടെ കൃത്യമായ നിയന്ത്രണത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു.ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒഴികെയുള്ള എല്ലാ വകുപ്പു സെക്രട്ടറിമാരെല്ലാം യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.