കളക്ടറേറ്റിലെ സ്ഫോടനം: മൊബൈൽ സന്ദേശം കേന്ദ്രീകരിച്ചും അന്വേഷണം
Friday, June 24, 2016 2:12 PM IST
<ആ>എസ്.ആർ. സുധീർകുമാർ

കൊല്ലം: ജില്ലാ കളക്ടറേറ്റിലെ സ്ഫോടനം സംബന്ധിച്ചുള്ള അന്വേഷണം മൊബൈൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. സ്ഫോടനം നടന്ന ഉടൻ തന്നെ കൊല്ലത്തെ ചില മൊബൈൽ ഫോണുകളിൽനിന്നു സംശയനിഴലിലുള്ള സംഘടനയുടെ നേതാക്കൾക്കു സന്ദേശം (എസ്എംഎസ്) കൈമാറിയതായി അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഇവരുടെ നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥർ അതീവ രഹസ്യമായി നിരീക്ഷിക്കുന്നുമുണ്ട്.

ആദ്യം മുതലേ അന്വേഷണ ഉദ്യോഗസ്‌ഥർ സംശയിച്ചിരുന്ന സംഘടനയ്ക്കു പുറമേ മറ്റൊരു തീവ്രവാദ സംഘടനയ്ക്കു കൂടി സ്ഫോടനത്തിനു പിന്നിൽ പങ്കുണ്ടെന്ന നിഗമനത്തിൽ മറ്റൊരു വഴിക്കും രഹസ്യാന്വേഷണം നടക്കുന്നുണ്ട്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ അന്വേഷണവുമായി ബന്ധപ്പെട്ടു പ്രത്യേക സംഘം റെയ്ഡുകളും പരിശോധനകളും നടത്തി. ചിലരെ സംശയത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും നിർണായകമായ സൂചനകൾ ഒന്നും ലഭിച്ചില്ല.

പത്തനംതിട്ട ജില്ലയിലെ ചില കോളനികളിൽ അന്വേഷണ സംഘം വിശദമായ പരിശോധനകളാണു നടത്തിയത്. ഇവിടെ പുറത്തുനിന്നുള്ള ആർക്കും പ്രവേശിക്കാനാവാത്ത സ്‌ഥിതിയുണ്ട്.

അത്രയ്ക്കു താഴേത്തട്ടിൽ വേരൂന്നിയാണ് ഒരു സംഘടനയുടെ പ്രവർത്തനം ജില്ലയിൽ നടക്കുന്നത്. അതിനപ്പുറമുള്ള ഭീകരപ്രവർത്തനങ്ങളും ഇവിടങ്ങൾ കേന്ദ്രീകരിച്ച് അരങ്ങേറുന്നുണ്ട്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മ തിച്ചു.


ഇത്രയൊക്കെയാണെങ്കിലും ലഭിക്കുന്ന തെളിവുകൾ പ്രതികളിലേക്ക് എത്തിച്ചേർക്കാനാകാതെ വിഷമിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഫോൺവിളികളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോഴും സ്ഫോടനവുമായി നേരിട്ട് ബന്ധമുള്ളവരെ കണ്ടെത്താൻ ഇതുവരെ ലോക്കൽ പോലീസിന് ആയിട്ടില്ല. വിധ്വംസക സ്വഭാവമുള്ള മറ്റൊരു സംഘടനയെക്കൂടി അന്വേഷണസംഘം സംശയിക്കുമ്പോൾ ഇതിനു പിന്നിൽ അന്യസംസ്‌ഥാന ബന്ധം ഉണ്ടോയെന്ന കാര്യവും വിശദമായി പരിശോധിച്ചു വരുകയാണ്.

വളരെ ശാസ്ത്രീയവും ആസൂത്രിതവുമായാണ് സ്ഫോടനം നടത്തിയതെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥരിൽ രണ്ടഭിപ്രായമില്ല. രണ്ട് സംഘടനകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോൾ ചില കാര്യങ്ങളെ അതീവ ഗൗരവമായാണു പോലീസ് കാണുന്നത്. ഇരുസംഘടനകളുടെയും ശക്‌തികേന്ദ്രങ്ങൾ അടുത്തടുത്തുള്ള സ്‌ഥലങ്ങൾ കൊല്ലം ജില്ലയിലും സമീപ ജില്ലകളിലുമുണ്ട്. ഇവിടങ്ങളിൽ ഇവർ ഏകോപിച്ച് ഇത്തരം പ്രവർത്തനങ്ങൾ നേരത്തെയും നടത്തിയെന്ന സംശയവും ഇതിനകം ബലപ്പെട്ടു കഴിഞ്ഞു. രണ്ടു സംഘടനകളുടെയും കേഡർ സ്വഭാവവും പ്രവർത്തനരീതിയും അന്വേഷണ സംഘത്തപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ആശയ വിനിമയം നടത്തുന്നതിന് ഇക്കൂട്ടർ കോഡ് ഭാഷകൾ ഉപയോഗിക്കുന്നതായും അന്വേഷണ സംഘത്തിനു സൂചനകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.