എയർ കേരള: ഒരു പതിറ്റാണ്ടത്തെ പണി പാഴ്വേലയായി
Friday, June 24, 2016 2:12 PM IST
നെടുമ്പാശേരി: സിയാലിന്റെ ഉപകമ്പനിയായി രജിസ്റ്റർ ചെയ്ത സംസ്‌ഥാന സർക്കാരിന്റെ വിമാനക്കമ്പനിയായ എയർ കേരളയ്ക്ക് ചിറകു മുളപ്പിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ട് നടത്തിയ ശ്രമം പാഴ്വേലയായി. 2005–2006 സാമ്പത്തിക വർഷം മുതൽ സിയാലിന്റെ വാർഷിക റിപ്പോർട്ടിൽ ഏതാനും പേജുകളിൽ മാത്രമായി ഈ വിമാനക്കമ്പനി ഒതുങ്ങി.

കേന്ദ്രസർക്കാരിന്റെ പുതിയ സിവിൽ ഏവിയേഷൻ നയത്തിലായിരുന്നു അവസാനത്തെ പ്രതീക്ഷ. അതും അസ്‌ഥാനത്തായ പശ്ചാത്തലത്തിൽ നടന്ന സിയാലിന്റെ ഡയറക്ടർ ബോർഡ് ഈ പദ്ധതി ചർച്ചയ്ക്കു പോലും പരിഗണിച്ചില്ല.

ഗൾഫ് മലയാളികളെ വിമാനക്കമ്പനികളുടെ ചൂഷണത്തിൽനിന്നു രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2001–2006 യുഡിഎഫ് മന്ത്രിസഭ അവസാന നാളുകളിൽ എയർ കേരള രജിസ്റ്റർ ചെയ്തത്. വിമാനടിക്കറ്റിൽ ഡിസ്കൗണ്ട് നല്കാമെന്ന വ്യവസ്‌ഥയിൽ വിദേശ മലയാളികളിൽനിന്നു മൂലധന സമാഹരണം നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. ഗൾഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ കഴിയുമെന്നു കണക്കാക്കിയിരുന്നു.


ഗൾഫ് മലയാളികളിൽനിന്ന് ഏറെ അനുകൂലമായ പ്രതികരണം ലഭിച്ചതോടെ എയർ കേരള യാഥാർഥ്യമാകുമെന്നു പ്രതീക്ഷിച്ചു. എന്നാൽ, അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കാൻ കുറഞ്ഞത് 20 വിമാനങ്ങളും അഞ്ചുവർഷം ആഭ്യന്തര സർവീസ് നടത്തി പരിചയവും വേണമെന്ന നിബന്ധന വിലങ്ങുതടിയായി.

ആഭ്യന്തര സർവീസിന്റെ സാധ്യതകൾ സംബന്ധിച്ച് ഏണസ്റ്റ് ആൻഡ് യംഗ് എന്ന ഏജൻസി നടത്തിയ പഠന റിപ്പോർട്ട് ആശാവഹമല്ലായിരുന്നു. ഈ നിബന്ധന നീക്കിക്കിട്ടാൻ സംസ്‌ഥാന സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ വന്ന എൻഡിഎ സർക്കാർ ഇതുസംബന്ധിച്ച് ഏറെ പ്രതീക്ഷ നല്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിവിൽ ഏവിയേഷൻ പോളിസിയിൽ 20 വിമാനം വേണമെന്നു പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര സർവീസിനോടൊപ്പം നിശ്ചിത അനുപാതത്തിൽ ആഭ്യന്തര സർവീസും നടത്തണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇത് അപ്രായോഗികമായതിനാൽ എയർ കേരള സ്വപ്നമായി മാറുക യാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.