എൽഡിഎഫിന്റേതു നയമില്ലാത്ത നയപ്രസംഗം: ചെന്നിത്തല
Friday, June 24, 2016 2:03 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റേതു നയമില്ലാത്ത നയപ്രഖ്യാപനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടു ദിശാബോധം നൽകാൻ നയപ്രഖ്യാപനത്തിനു കഴിയുന്നില്ല.

ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം തടയാൻ ഫലപ്രദമായി ഇടപെടുമെന്ന സൂചനയില്ല. അതേസമയം, കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു ലോഭവുമില്ല. യുഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പരിപാടികൾ ശക്‌തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുണ്ട്. എന്നിട്ടു യുഡിഎഫ് സർക്കാരിന്റെ വികസനമില്ലായ്മയെക്കുറിച്ചു പറയുന്നതിൽ എന്ത് യുക്‌തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലമുണ്ടോയെന്ന് ഇനിയും പരിശോധിക്കുന്നതു ശരിയല്ല. സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലിൽ സർക്കാർ ഉറച്ചു നിൽക്കണം. കേരളം നിലപാടു മാറ്റിയതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്നാട് ആവശ്യമുന്നയിച്ചതായും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്നു പറഞ്ഞെങ്കിലും നയപ്രഖ്യാപനത്തിൽ അതൊന്നുമില്ലെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപനത്തിന്റെ മുഖവുരയിൽ യുഡിഎഫ് സർക്കാരിനെ കുറ്റം പറഞ്ഞെങ്കിലും കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ കഴിഞ്ഞ സർക്കാർ നടപ്പാക്കിയ 90 ശതമാനം പദ്ധതികൾ ശക്‌തിപ്പെടുത്തുകയാണ്. അതിനാൽ യുഡിഎഫ് സർക്കാരിന്റേതിൽനിന്ന് എൽഡിഎഫ് സർക്കാരിനുള്ള നയവ്യതിയാനം വ്യക്‌തമല്ല. ബാറുകൾ അനുവദിക്കാനുള്ള സാധ്യതയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


റബർ പ്രതിസന്ധിക്കെതിരേ നയപ്രഖ്യാപനത്തിൽ ക്രിയാത്മക നിർദേശമില്ലാത്തതു നിർഭാഗ്യകരമാണെന്നു കെ.എം.മാണി പറഞ്ഞു. മൂന്നുലക്ഷം ടൺ റബർ ഇറക്കുമതി നടക്കുമ്പോൾ അതിനെതിരേ സമ്മർദം ചെലുത്താൻ നിർദേശം വച്ചിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ മുൻബജറ്റിൽ പണം നീക്കിവച്ചതാണ്.

എന്നാൽ, പുതിയ പഠനം വേണമെന്നാണു നയപ്രഖ്യാപനത്തിൽ പറയുന്നത്. സംസ്‌ഥാനം ഗരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ബജറ്റിൽ പറയുന്നു.

1463 കോടി രൂപ മിച്ചംവച്ചിട്ടാണു യുഡിഎഫ് സർക്കാർ പോയത്. സാമ്പത്തിക പ്രതിസന്ധിയെന്നത് ഒന്നുകിൽ അവാസ്തവ പ്രസ്താവനയാണ്. അല്ലെങ്കിൽ സാമ്പത്തിക രംഗം എൽഡിഎഫ് സർക്കാർ താറുമാറാക്കിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.