കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കു ശ്രമമെന്നു ഡിജിപി
കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കു ശ്രമമെന്നു ഡിജിപി
Friday, June 24, 2016 1:58 PM IST
കൊച്ചി: ജിഷ വധക്കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി പോലീസ് ശ്രമിക്കുകയാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ആലുവ പോലീസ് ക്ലബ്ബിൽ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ ചോദ്യം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണം ശരിയായ ദിശയിലാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തനാണ്. ശാസ്ത്രീയ തെളിവുകൾ കേസിനു കൂടുതൽ ബലം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി ഇന്നു പത്രസമ്മേളനം വിളിച്ചുകൂട്ടി കേസന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നടത്തുമെന്ന് അറിയുന്നു. പ്രതിയുടെ യഥാർഥ രൂപം ഇന്നു വെളിപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതുവരെ മുഖംമറച്ചാണു പ്രതിയെ കോടതിയിലും പൊതുസ്‌ഥലങ്ങളിലും എത്തിച്ചിരുന്നത്.


മാധ്യമങ്ങളുമായി കേസിന്റെ കാര്യങ്ങൾ ഔദ്യോഗികമായി പങ്കുവയ്ക്കാൻ ഉന്നത ഉദ്യോഗസ്‌ഥർ വിമുഖത പ്രകടിപ്പിക്കുന്നതു വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിയുടെ ചിത്രം എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ ഫോട്ടോയും അനുബന്ധ വിവരങ്ങളും പ്രസിദ്ധീകരിച്ചതിൽ ഡിജിപി അസംതൃപ്തി അറിയിച്ചിരുന്നു. മാധ്യമവാർത്തകൾ കേസന്വേഷണത്തെ ബാധിക്കുന്നതായി അദ്ദേഹം നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.