രജിസ്ട്രേഷൻ വകുപ്പിനെ ആധുനികവത്കരിക്കും
Friday, June 24, 2016 1:58 PM IST
തിരുവനന്തപുരം: ഐടിയെ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെ ആധുനിക വത്കരിക്കുമെന്നു ഗവർണറുടെ നയപ്രഖ്യാപനം. ആധാരം രജിസ്ട്രേഷന് ഇ– പേയ്മെന്റ് സംവിധാനം ഉപയോഗിക്കും. കുടിക്കട സർട്ടിഫിക്കറ്റ് ഒറ്റ ദിവസംകൊണ്ടു നൽകും. എല്ലാ രജിസ്ട്രാർ ഓഫിസുകളിലും കുടിക്കട സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും.

എല്ലാ വകുപ്പുകളേയും ഉൾപ്പെടുത്തിയുള്ള സംയോജിത ചെക്ക് പോസ്റ്റ് സമ്പ്രദായത്തിലേക്കു സംസ്‌ഥാനം ഉടൻ മാറും. നികുതി പിരിവ് ഊർജിതമാക്കാൻ ആധുനിക സാങ്കേതിക വിദ്യ പരാമാവധി ഉപയോഗപ്പെടുത്തും. ഇ– ഗവേണൻസ് ഊർജിതമാക്കും. റീസർവേയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ സമയ പരിധി ഏർപ്പെടുത്തും. കൃഷിയോഗ്യമായ തണ്ണീർത്തടങ്ങളുടെയും നെൽപ്പാടങ്ങളുടെയും ഡാറ്റാ ബാങ്ക് ഈ വർഷം തന്നെ പൂർത്തിയാക്കും. ഭൂരേഖകൾ കംപ്യൂട്ടർ വത്കരിക്കും. മലബാറിൽ വ്യക്‌തികളുടെ കൈവശമുള്ള കുറഞ്ഞ വിസ്തീർണമുള്ള സർക്കാർ ഭൂമി തിരിച്ചു പിടിക്കും. ദേവസ്വം ഭൂമിയുടെ സർവേ നടത്തും. കാവുകളും ആൽത്തറകളും നിലനിർത്താനും പരിപാലിക്കാനും പ്രത്യേക പദ്ധതി നടപ്പാക്കും.

വിവാദ ഭൂമി: മുൻ വില്ലേജ് ഓഫീസർക്കെതിരായ കേസ് റദ്ദാക്കി


കൊച്ചി: സന്തോഷ് മാധവൻ ഉൾപ്പെടെയുള്ളവരിൽനിന്നു ബംഗളൂരുവിലെ സ്വകാര്യ കമ്പനി വാങ്ങിയ പുത്തൻവേലിക്കരയിലെ വിവാദ ഭൂമി ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്‌ഥകൾ ലംഘിച്ചു പോക്കുവരവു ചെയ്തുകൊടുത്തെന്നാരോപിച്ചു വില്ലേജ് ഓഫീസർക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്ന പുത്തൻവേലിക്കര മുൻ വില്ലേജ് ഓഫീസർ ഉമാശങ്കർ നൽകിയ ഹർജിയിൽ ജസ്റ്റീസ് ബി. കെമാൽ പാഷയുടേതാണ് ഉത്തരവ്.

പുത്തൻവേലിക്കരയിൽ 91.10 ഏക്കർ ഭൂമിയാണ് 23 വിലയാധാരങ്ങളിലായി 2007 ഓഗസ്റ്റ് 22 മുതൽ 2008 ജനുവരി 30 വരെയുള്ള കാലയളവിൽ റവന്യൂ ഉദ്യോഗസ്‌ഥർ പോക്കുവരവു ചെയ്തുകൊടുത്തത്.

ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്‌ഥയനുസരിച്ച് 15 ഏക്കർ മാത്രം കൈവശം വയ്ക്കാമെന്നിരിക്കെയാണു നിയമവിരുദ്ധമായി ഭൂമി പോക്കുവരവു ചെയ്തുകൊടുത്തതെന്ന് 2009ൽ രജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രത്തിൽ വിജിലൻസ് വ്യക്‌തമാക്കി.

ഭൂമി പോക്കുവരവു ചെയ്യാൻ അപേക്ഷ ലഭിച്ച അതേ ദിവസങ്ങളിൽ തന്നെ പോക്കുവരവു നടത്തിക്കൊടുത്തതായും രേഖകളിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.