മദ്യനയം: സർക്കാർ പിന്നോട്ടുപോകരുതെന്ന് മാർ ഇഞ്ചനാനിയിൽ
മദ്യനയം: സർക്കാർ പിന്നോട്ടുപോകരുതെന്ന് മാർ ഇഞ്ചനാനിയിൽ
Friday, June 24, 2016 1:50 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: മദ്യനയത്തിൽ ഇപ്പോഴത്തെ സ്‌ഥിതിയിൽനിന്നു സർക്കാർ പിന്നോട്ടുപോകരുതെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ. സമ്പൂർണ മദ്യനിരോധനത്തിലേക്കു സംസ്‌ഥാനത്തെ നയിക്കുന്നതിനാവണം സർക്കാരിന്റെ ഈ രംഗത്തെ നയങ്ങളെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽ നടന്ന ആഗോള ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടൂറിസത്തെക്കാൾ ധാർമികതയും സമാധാനവുമുള്ള കുടുംബങ്ങളുടെ സുസ്‌ഥിതിക്കാണു സർക്കാർ പ്രാധാന്യം നൽകേണ്ടത്. മദ്യനയത്തിലൂടെ ടൂറിസം തകർന്നുവെന്നു പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരേയും ജാഗ്രത വേണം. മദ്യരാജാക്കന്മാരോടൊപ്പം ചേരുന്നവർ പാവങ്ങളുടെ കണ്ണുനീർ കാണാതെ പോകരുത്. മദ്യത്തിനെതിരേ പ്രവർത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രതിലോമശക്‌തികൾ ഉണ്ട്. ഇപ്പോഴത്തെ മദ്യനയം മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളുടെ ദീർഘനാളത്തെ സമരങ്ങളുടെ ഫലം കൂടിയാണ്. ഇത് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണ്. പാവപ്പെട്ടവന്റെ പണം നഷ്‌ടപ്പെടുത്തുന്ന, ധാർമിക നിലവാരം തകർക്കുന്ന സംസ്കാരത്തിനെതിരേ നിലകൊള്ളാൻ നമ്മൾ പ്രതിജ്‌ഞാബദ്ധരാണ്. ബിഹാറും തമിഴ്നാടും മദ്യനിരോധനം പ്രഖ്യാപിക്കുമ്പോൾ കേരള സർക്കാരും അത് ഏറ്റെടുക്കണം. കുടിച്ചുമരിക്കുന്ന മലയാളി നാടിന്റെ വേദനയാണ്. മദ്യലഭ്യത കുറച്ചുകൊണ്ടുവന്നു സമ്പൂർണ മദ്യനിരോധന സംസ്‌ഥാനമായി കേരളത്തെ മാറ്റണം. മദ്യവർജനം നയമായി സ്വീകരിക്കുന്നത് അർഥശൂന്യമാണെന്നും മാർ ഇഞ്ചനാനിയിൽ പറഞ്ഞു.


മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദീൻ അധ്യക്ഷതവഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. മിനിമോൾ ലഹരിവിരുദ്ധപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ, അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ.പോൾ കാരാച്ചിറ, ഫാ. പോൾ ചുള്ളി, ഫ്രാൻസിസ് പെരുമന, ടി.എം. വർഗീസ്, വർഗീസ് കണ്ടത്തിൽ, ഹിൽട്ടൺ ചാൾസ്, കുരുവിള മാത്യൂസ്, അഡ്വ. എൻ. രാജേന്ദ്രൻ, പി.എച്ച്. ഷാജഹാൻ, ഹിൽട്ടൺ ചാൾസ്, എം.ഡി. റാഫേൽ, ജോൺസൺ പാട്ടത്തിൽ, കെ.എ. പൗലോസ് കാച്ചപ്പിള്ളി, ഫാ.തോമസ് ചകിരിയിൽ, സി.എക്സ്. ബോണി, വർഗീസ് കണ്ടത്തിൽ, മിനി ആന്റണി എന്നിവർ പ്രസംഗിച്ചു. ഇരുപത്തഞ്ചോളം മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.