പിഞ്ചുകുഞ്ഞ് ശ്വാസം മുട്ടി മരിച്ചനിലയിൽ, മാതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
പിഞ്ചുകുഞ്ഞ് ശ്വാസം മുട്ടി മരിച്ചനിലയിൽ, മാതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
Friday, June 24, 2016 1:50 PM IST
മുണ്ടക്കയം ഈസ്റ്റ്: രണ്ടര വയസുകാരിയെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മൂത്ത മകൾ തലക്കടിയേറ്റു ഗുരുതരാവസ്‌ഥയിൽ. മേലോരം പന്തപ്ലാക്കൽ സാജുവിന്റെ മകൾ അനീറ്റ (രണ്ടര)യാണ് കൊല്ലപ്പെട്ടത്. മേലോരത്തെ സ്വകാര്യ എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. മൂത്തമകൾ അനുമോളിനെ (ഏഴ്) തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നു കരുതുന്ന ജെസിയെ (38) അമിതമായി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അനുമോളെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവം സംബന്ധിച്ചു പെരുവന്താനം പോലീസ് പറയുന്നതിങ്ങനെ: നാലുവർഷം മുമ്പ് മേലോരത്തെ സ്വകാര്യ റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലി ലഭിച്ചതിനെത്തു ടർന്നാണ് ഏന്തയാർ ഈസ്റ്റ് സ്വദേശികളായ സാജുവും കുടുംബവും താമസത്തിനായി ഇവിടെ എത്തുന്നത്. മാനസിക രോഗത്തിനു ചികിത്സയിലായിരുന്ന ജെസി വെളളിയാഴ്ച പുലർച്ചെ ഇളയമകൾ അനീറ്റയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൂത്തമകൾ അനുമോളെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന സാജു അനുമോളുടെ മൂക്കിലൂടെ രക്‌തമൊലിച്ചു കിടക്കുന്നതാണ് കണ്ടത്. അമിതമായി ഗുളിക കഴിച്ച ജെസിയും അവശനിലയിലായിരുന്നു. ഉടൻതന്നെ ലയത്തിന്റെ അടുത്തമുറിയിലെ താമസക്കാരെ വിളിച്ചുണർത്തി മൂന്നുപേരെയും മുപ്പത്തഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


അനുമോൾക്കും ജെസിക്കും പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയത്തേക്കു കൊണ്ടുപോകുകയായിരുന്നു. അനീറ്റ സംഭവ സ്‌ഥലത്തുവച്ചു തന്നെ മരിച്ചു.ജെസിയുടെ നില ഗുരുതരമെല്ലന്നു ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സയിലായ ഇവരെ പോലീസ് കാവലിൽ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടര വർഷം മുമ്പ് ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ജെസി ശ്രമിച്ചിരുന്നതായും തങ്ങളെത്തിയാണ് രക്ഷപെടുത്തിയതെന്നും അയൽവാസി പോലീസിനോട് പറഞ്ഞു. കുറച്ചു നാളുകളായി ജെസി രോഗത്തിനു മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മേലോരം മരിയഗൊരേത്തി എൽപിസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അനുമോൾ.

പീരുമേട് സിഐ പി.വി. മനോജ്, പെരുവന്താനം എസ്ഐ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയത്തുനിന്നു ഫോറൻസിക് വിദഗ്ധ പ്രിയ മേരി ചാക്കോയെത്തി പരിശോധന നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം പിന്നീട് സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.