കോടികൾ തട്ടിച്ചകേസ്: ഒരാൾക്കു ജാമ്യം
Friday, June 24, 2016 1:50 PM IST
കട്ടപ്പന: വ്യാപാരികളെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപ അപഹരിച്ചതായുള്ള കേസിൽ പോലീസ് അറസ്റ്റുചെയ്ത ഒന്നാംപ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇരട്ടയാർ നോർത്ത് കൂടയ്ക്കൽ രാജേഷിനാണു ജാമ്യം അനുവദിച്ചത്. രണ്ടാംപ്രതി ഇരട്ടയാർ മടുക്കോലിൽ ജിംസി ടോണിയെ റിമാൻഡുചെയ്തു.

കട്ടപ്പനയിൽ മലഞ്ചരക്കു വ്യാപാരിയായിരുന്ന രാജേഷിനെ കൂടുതൽ വില ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ജിംസി കർഷകരിൽനിന്നും ഏലക്കായും കുരുമുളകും വാങ്ങിപ്പിക്കുകയും ഇത് ജിംസി അപഹരിച്ചു കൊണ്ടുപോവുകയായിരുന്നെന്നും പറയുന്നു. കർഷകർക്ക് രാജേഷ് നൽകാനുണ്ടായിരുന്ന പണം കൊടുത്തുതീർത്തതാണെന്ന് രാജേഷ് പറയുന്നു.ഇരട്ടയാർ നോർത്ത് പറമ്പള്ളിക്കുന്നേൽ ബാബു 1721956 രൂപ ലഭിക്കാനുണ്ടെന്നുകാട്ടി രാജേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.

2014 ഓഗസ്റ്റ് 28–ന് രാജേഷിന്റെ വീട്ടിൽ ബാബു അതിക്രമിച്ചുകയറി വീട്ടുകാരെ ഉപദ്രവിച്ചതായും കേസുണ്ട്. പണം നൽകാനുണ്ടെന്നുകാട്ടി രാജേഷിനെതിരേ ബാബു നൽകിയ പരാതിയിൽ രാജേഷ് ജില്ലാകോടതിയിൽനിന്നും മുൻകൂർ ജാമ്യം വാങ്ങിയിരുന്നു. ബാബു ഇതേ പരാതിതന്നെ വീണ്ടും നൽകി രാജേഷിനെതിരേ കട്ടപ്പന പോലീസിനെകൊണ്ട് വീണ്ടും എഫ്ഐആർ തയാറാക്കിക്കുകയും അറസ്റ്റുചെയ്യിപ്പിക്കുകയുമായിരുന്നു.


ഒരു കുറ്റകൃത്യത്തിന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യുകയും ജില്ലാകോടതിയുടെ ജാമ്യത്തിൽ കഴിയുന്ന വ്യക്‌തിയെ നിയമവിരുദ്ധമായി അറസ്റ്റുചെയ്തു തടങ്കലിൽവച്ചത് ഭരണഘടനയുടെ 20–ാം വകുപ്പിന്റെ ലംഘനവും ക്രിമിനൽ നടപടിയുടെ ലംഘനവുമാണെന്നു കാണിച്ച് പരാതിക്കാരൻ ബാബുവിനും കട്ടപ്പന പോലീസ് ഇൻസ്പെക്ടർക്കുമെതിരേ പത്തുലക്ഷം രൂപ നഷ്‌ടപരിഹാരമാവശ്യപ്പെട്ട് അഡ്വ. ജോമോൻ ചാക്കോ മുഖാന്തിരം രാജേഷ് നോട്ടീസ് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.