35 ലക്ഷം തൊഴിലവസരം, എല്ലാവർക്കും വീട്
35 ലക്ഷം തൊഴിലവസരം, എല്ലാവർക്കും വീട്
Friday, June 24, 2016 1:46 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാർഷിക, വിദ്യാഭ്യാസ, തൊഴിൽ, ഐടി മേഖലകൾക്കു പ്രത്യേക പരിഗണന നൽകി എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ വരുന്ന അഞ്ചു വർഷത്തിൽ 35 പേർക്കു തൊഴിൽ നൽകാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നാണു പ്രഖ്യാപിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ച പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആവിഷ്കരിക്കും. നാളികേര– നെൽ കർഷകരുടെ താങ്ങുവില സമയബന്ധിതമായി വിതരണം ചെയ്യും. നീരയുടെ മൂല്യവർധനയും ഉത്പാദനവും കർഷകസമിതികളെതന്നെ ഏൽപ്പിക്കും. എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യും. കുട്ടനാട് പാക്കേജിന് പുത്തൻ ഉണർവു നൽകും. പച്ചക്കറികളിലെ അപകടകരമായ രാസവസ്തുക്കളും വിഷവസ്തുക്കളും കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാർഗങ്ങൾ സ്വീകരിക്കും. സ്കൂൾതല പാഠ്യപദ്ധതിയിൽ കൃഷിയെ ഒരു വിഷയമായി കൊണ്ടുവരും. ഓണം സമൃദ്ധി പദ്ധതിയിലൂടെ സുരക്ഷിതമായി കഴിക്കാവുന്ന (സേഫ് ടു ഈറ്റ്) പച്ചക്കറികൾ വിതരണം ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

മറ്റു പ്രധാന നിർദേശങ്ങൾ:

* കോഴിക്കോട് സൈബർ പാർക്ക് ഒന്നാംഘട്ടം ഈ വർഷം പൂർത്തിയാക്കും.

* തിരുവനന്തപുരം ടെക്നോസിറ്റി മുൻഗണനാടിസ്‌ഥാനത്തിൽ പൂർത്തിയാക്കും.

* ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാംഘട്ടത്തിൽ 105 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തും.

*് ടെക്നോളജി മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 1000 നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നതിനായി ഓരോന്നിനും രണ്ടു ലക്ഷം രൂപ വീതം സഹായം നൽകുന്ന പദ്ധതി കൊണ്ടു വരും.

* ഇ–ഓഫീസ് സംവിധാനം സെക്രട്ടേറിയറ്റ്, ജില്ലാ കളക്ടറേറ്റുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ ആദ്യം നടപ്പാക്കും. പിന്നാലെ മറ്റ് ഓഫീസുകളിലേക്കു വ്യാപിപ്പിക്കും.

* പൗരൻമാർക്ക് യാത്രാവേളയിൽ അടക്കം 24 മണിക്കൂറും സർക്കാർ സേവനം ലഭ്യമാക്കാൻ ഇ– ഗവേണൻസിൽ ഉൾപ്പെടുത്തി എം– ഗവേണൻസ് പദ്ധതി നടപ്പാക്കും. സർക്കാർ ഓഫീസുകളിൽ വയേഡ് കണക്ടിവിറ്റി ഏർപ്പെടുത്താൻ 2,000 കോടി രൂപയുടെ പദ്ധതി നടപ്പു സാമ്പത്തികവർഷം ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

* സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കും.

* വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഏകോപനത്തിനായി ഐസിടി സംവിധാനം.

* ഓരോ പഞ്ചായത്തിലും വൈ– ഫൈ ഹോട്ട് സ്പോട്ട.് പൊതുജനങ്ങൾക്കായി ആയിരം വൈ–ഫൈ ഹോട്ട് സ്പോർട്ടുകൾ.

* അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ജനകീയാസൂത്രണ പദ്ധതി പദ്ധതി വീണ്ടും ആരംഭിക്കും. സമ്പൂർണ ശുചിത്വം, ജൈവ പച്ചക്കറി, പ്രകൃതി പരിപാലനം എന്നിവയ്ക്ക് ഊന്നൽ.

* പുതിയ ഗ്രാമ– നഗരാസൂത്രണ ആക്ടിനു രൂപം നൽകും. അംഗപരിമിതരുടെയും വയോജനങ്ങളുടെയും അയൽക്കൂട്ട സംഘങ്ങൾ തുറക്കും.

* എല്ലാ വീടുകളിലും ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി വരുന്ന നവംബർ ഒന്നിനു തുടങ്ങും. ശൗചാലയങ്ങളില്ലാത്ത വീടുകളിൽ ഇവ നിർമിച്ചു നൽകും.

* ഐടി, ബയോടെക്നോളജി, ടൂറിസം, ഇലക്ട്രോണിക്സ് മേഖളിൽ വരുന്ന അഞ്ചു വർഷത്തിനകം പത്തു ലക്ഷം തൊഴിലവസരം ഒരുക്കും. കൃഷി, നിർമാണം, വാണിജ്യം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ 15 ലക്ഷം തൊഴിൽ അവസരമുണ്ടാകും. പത്തു ലക്ഷം യുവജനങ്ങൾക്കു നൈപുണ്യ പരിശീലനം നൽകും.

* 1500 സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കു സാമ്പത്തിക– അടിസ്‌ഥാന സൗകര്യ സാങ്കേതിക സഹായം നൽകും. ഓരോ ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും സ്റ്റാർട്ട് അപ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം ആരംഭിക്കും.

* ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ജൈവകൃഷി നയം പ്രഖ്യാപിക്കും.

* മൃഗസംരക്ഷണ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാൻ സംവിധാനം ഒരുക്കും.

* പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പുനർ നാമകരണം ചെയ്യും. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും ബന്ധിപ്പിച്ചു പാലിയേറ്റീവ് കെയർ നെറ്റ്വർക്ക് സംവിധാനം ആരംഭിക്കും.

* യൂണിവേഴ്സൽ പ്രി– പെയ്ഡ് സ്കീം എന്ന പേരിൽ സംസ്‌ഥാനത്തു സൗജന്യ ചികിത്സാ പദ്ധതി തുടങ്ങും. ഗോത്രവർഗക്കാർ, മത്സ്യതൊഴിലാളികൾ, സര്തീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്കു പ്രത്യേക ചികിത്സാ പദ്ധതി.

* മെഡിക്കൽ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കും. രണ്ടു മെഡിക്കൽ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയർത്താൻ ശ്രമിക്കും.

* പ്രീ–പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും ആധുനികവത്കരിക്കാനുമായി സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കും. മാതൃഭാഷാ പഠനത്തിനൊപ്പം ഇംഗ്ലീഷിനും പ്രത്യേക പരിഗണന നൽകും. പുതുതലമുറയെ രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളവരായി മാറ്റുകയാണു ലക്ഷ്യം.


* വിദ്യാലയങ്ങളിൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കും. ഐടി അറ്റ് സ്കൂൾ ആധുനികവത്കരിക്കാൻ സമയോചിതമായ മാറ്റങ്ങൾ കൊണ്ടുവരും.

* കൂടുതൽ ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പവർഹൗസ് ആരംഭിക്കാനുള്ള നടപടി ഈ വർഷം തുടങ്ങും.

* സർവകലാശാലാ ലൈബ്രറികളെ രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രങ്ങളായി ഉയർത്തും. സർവകലാശാലാ ഭരണസമിതി തെരഞ്ഞെടുപ്പിലും പ്രവർത്തനങ്ങളിലും സമയോചിതമായ പരിഷ്കാരങ്ങൾ വരുത്തും.

* എൻജിനിയറിംഗ് കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സാങ്കേതിക വിദ്യാഭ്യാസരംഗത്തു കാലാനുസൃതമായ മാറ്റം കൊണ്ടുവരും.

* എല്ലാ സ്കൂളിലും യോഗ ക്ലാസുകൾ ആരംഭിക്കും.

* തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫിലിം സിറ്റി സ്‌ഥാപിക്കും.

* മ്യൂസിയത്തിലെ ശ്രീചിത്രാ ആർട്ട് ഗാലറിക്കായി പുതിയ കെട്ടിടം നിർമിക്കും. തൃശൂരിലെ മൃഗശാല പുതിയ കാമ്പസിലേക്കു മാറ്റും.

* മാവേലി സ്റ്റോറുകൾ വഴി വിൽക്കുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കില്ല. സപ്ലൈകോ വഴിയുള്ള വിപണി ഇടപെടൽ ശക്‌തമാക്കും. സപ്ലൈകോയുടെ ബജറ്റ് വിഹിതം 150 കോടി രൂപയാക്കി ഉയർത്തും.

* ഈ വർഷം കൂടുതൽ മാവേലി മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും എൽപിജി വിപണന കേന്ദ്രങ്ങളും തുറക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 ഗ്രാമ പഞ്ചായത്തുകളിൽ സപ്ലൈകോ വിപണന കേന്ദ്രങ്ങൾ തുറക്കും.

* റേഷൻ കടകളെ ആധുനികവത്കരിക്കും. കേരളത്തെ പട്ടിണിരഹിത സംസ്‌ഥാനമായി മാറ്റാൻ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ ഒരു നേരം ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കും.

* കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കും. ഏകജാലക സംവിധാനം, സ്വയം സാക്ഷ്യപ്പെടുത്തൽ പദ്ധതി എന്നിവ വഴി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമം ലഘൂകരിക്കും.

* പ്രാദേശിക ലഭ്യത അടിസ്‌ഥാനമാക്കി നാളികേരം, ചക്ക, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയുടെ മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

* റബർ കർഷകരെ സഹായിക്കാൻ കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് വൈവിധ്യവത്കരിക്കുകയും ഉത്പാദനത്തിൽ വർധന വരുത്തുകയും ചെയ്യും.

* പീഡിത വ്യവസായ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. സഹകരണ സ്പിന്നിംഗ് മില്ലുകൾക്കു സാമ്പത്തികസഹായം നൽകും. ടെക്സ്റ്റയിൽസ് മേഖല ശക്‌തിപ്പെടുത്തും.

സഹകരണവകുപ്പ് ആവിഷ്കരിച്ച ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി സുവർണം ഷോപ്പുകൾ തുടങ്ങും.

* മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റ് വിതരണം സുതാര്യമാക്കാൻ ഇ–പാസ് സമ്പ്രദായം ഏർപ്പെടുത്തും.

* കശുവണ്ടി വികസന കോർപറേഷൻ, കാപ്പക്സ് ഫാക്ടറികൾ ആധുനികവത്കരിക്കും. അസംസ്കൃത കശുവണ്ടിയുടെ ലഭ്യതക്കുറവു പരിഹരിക്കും. കശുവണ്ടിക്കു പ്ലാന്റേഷൻ പദവി നൽകുന്നതു പരിഗണിക്കും.

* ഭൂരഹിതർക്കും ഭവനരഹിതർക്കും സമയബന്ധിതമായി വീടു നിർമിച്ചു നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കും. ഭവനരഹിത കുടുംബങ്ങളുടെ വിവരം ശേഖരിക്കും.

* എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ വീടു നൽകുക എന്ന ലക്ഷ്യത്തോടെ പ്രീ– ഫാബ് സാങ്കേതികവിദ്യ ജനകീയമാക്കും. ഇതിനായി യുവജനങ്ങൾക്കു പരിശീലനം നൽകും.

* കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു തീർഥാടന–വിനോദ സഞ്ചാര നയത്തിനു രൂപം നൽകും. പ്രധാനപ്പെട്ട ഉത്സവങ്ങളുടെ വാർഷിക കലണ്ടർ തയാറാക്കും.

* കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ നടപടി സ്വീകരിക്കും.

* മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ പാത പിന്തുടർന്ന് ആലപ്പുഴ ഹെറിറ്റേജ് കൺസർവേഷൻ തുടങ്ങും. അടുത്ത മുഖ്യ അന്തർദേശീയ വിനോദസഞ്ചാര പ്രോഡക്ടായി സ്പൈസ് റൂട്ട് സർക്യൂട്ടിനെ ആവിഷ്കരിക്കും.

* ആദിവാസി മേഖലയിൽനിന്ന് 500 യുവാക്കളെ ഇക്കോ ടൂറിസം ഗൈഡുകളായി പരിശീലിപ്പിക്കും. വനാതിർത്തി വേർതിരിക്കാനുള്ള ശ്രമം തുടരും.

* കേരളത്തിന്റെ പരിസ്‌ഥിതി സംബന്ധിച്ച ധവളപത്രം ആറുമാസത്തിനുള്ളിൽ പുറത്തിറക്കും. പുഴമണൽ ഖനനം അടക്കമുള്ളവ നിയന്ത്രിക്കും.

* തദ്ദേശ സ്‌ഥാപന തലത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുകയും ഇവയെ ശാസ്ത്രീയമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

* തീരദേശ മേഖലയുമായി ബന്ധപ്പെട്ട ഡോ. അയ്യപ്പൻ കമ്മിറ്റി ശിപാർശകൾ സർക്കാർ വേഗത്തിൽ നടപ്പാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.