സെൻകുമാറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു സർക്കാർ
സെൻകുമാറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു സർക്കാർ
Friday, June 24, 2016 1:46 PM IST
കൊച്ചി: സംസ്‌ഥാന പോലീസ് മേധാവിയെന്ന നിലയിൽ ടി.പി.സെൻകുമാറിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും സംസ്‌ഥാന സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും വ്യക്‌തമാക്കി സർക്കാർ ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചു. പുറ്റിംഗൽ വെടിക്കെട്ടു ദുരന്തത്തിലും പെരുമ്പാവൂർ ജിഷ വധക്കേസിലും ഡിജിപി എന്ന നിലയിൽ ടി.പി. സെൻകുമാറിന്റെ ഇടപെടൽ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റുകയല്ലാതെ മറ്റു പോംവഴി ഉണ്ടായിരുന്നില്ലെന്നും സംസ്‌ഥാന സർക്കാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ വ്യക്‌തമാക്കി.

ക്രമസമാധാനചുമതലയുള്ള ഡിജിപി സ്‌ഥാനത്തുനിന്നു നീക്കിയതിനെതിരെ ടി.പി.സെൻകുമാർ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം വ്യക്‌തമാക്കി വിശദീകരണ പത്രിക നൽകിയത്. പുറ്റിംഗൽ ദുരന്തത്തിലും ജിഷ വധക്കേസിലും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാനാണു സെൻകുമാർ ശ്രമിച്ചത്. പുറ്റിംഗൽ ദുരന്തത്തിൽ മറ്റു വകുപ്പുകളെ പഴിചാരി പോലീസ് ഉദ്യോഗസ്‌ഥരെ വെള്ളപൂശാൻ ശ്രമിച്ചു. ഇതു പൊതുജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ടാക്കിയെന്നും ഇത്തരം സാഹചര്യങ്ങളിൽ പോലീസ് മേധാവിയെ മാറ്റാനാകുമെന്നു കേരള പോലീസ് ആക്ടിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്നും പത്രികയിൽ പറയുന്നു. പുറ്റിംഗൽ ദുരന്തക്കേസിൽ സെൻകുമാർ ഇടപെട്ട് അന്വേഷണ സംഘത്തെ മാറ്റാൻ ശ്രമിച്ചു. ജനങ്ങളുടെയും സർക്കാരിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പകരം കുറ്റക്കാരെ സംരക്ഷിക്കുകയാണു ചെയ്തത്.

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണം എക്കാലത്തെയും വലിയ നാണക്കേടായി മാറി. ഈ കേസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു. ജിഷയുടെ മൃതദേഹം സംസ്കരിക്കാൻ പോലീസ് ധൃതി കാട്ടി. ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെട്ടുവെങ്കിലും അഞ്ചു ദിവസം കഴിഞ്ഞാണു ഡിജിപി ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായിക്കഴിഞ്ഞാണു ഡിജിപി സർക്കാരിനെ അറിയിച്ചത്. ഡിജിപിയുടെ റിപ്പോർട്ടുകളിലൊന്നും സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിരുന്നില്ല. പോലീസിന്റെ അലംഭാവം പൊതുജനങ്ങളുടെ വിമർശനത്തിനിടയാക്കി. ഡിജിപി നിലയിൽ അദ്ദേഹത്തിന്റെ പരാജയമായി ഈ സംഭവം ചിത്രീകരിക്കപ്പെട്ടു. സെൻകുമാറിന്റെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെയും പൊതുജനങ്ങളുടെ സുരക്ഷിതത്വ ബോധത്തെയും ബാധിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റി കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്‌ഥനെ നിയമിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. തുടർന്നു ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചു. ജിഷവധക്കേസിന്റെ അന്വേഷണത്തിൽ ഇതിനു ഫലമുണ്ടായെന്നും പത്രികയിൽ പറയുന്നു.


ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്‌ഥാനത്തുനിന്നു നീക്കിയെങ്കിലും റാങ്കിലോ ശമ്പളത്തിലോ കുറവു വരുത്തിയിട്ടില്ല. ഡിജിപി പദവിയിലേക്ക് ഒരുദ്യോഗസ്‌ഥനെ നിയമിക്കുന്നതു സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കിയല്ല. സെൻകുമാർ ഡിജിപിയാകുമ്പോൾ അദ്ദേഹത്തേക്കാൾ സീനിയറായ ഉദ്യോഗസ്‌ഥർ സർവീസിലുണ്ടായിരുന്നു.

സെൻകുമാറിനെ മാറ്റിയതു നടപടിക്രമം പാലിച്ചാണ്. ശിക്ഷാ നടപടിയല്ല. ഈ മാറ്റത്തിനു സർക്കാർ മാറിയതുമായി ബന്ധമില്ലെന്നും നിയമനാധികാരി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണു നടപടിയെന്നും വിശദീകരണ പത്രിക പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.