പ്രൊഡക്ടിവിറ്റി കൗൺസിൽ പുരസ്കാരം പ്രഖ്യാപിച്ചു
Friday, June 24, 2016 1:46 PM IST
കൊച്ചി: കേരള സംസ്‌ഥാന പ്രൊഡക്റ്റിവിറ്റി കൗൺസിൽ 2014–15 വർഷത്തെ ഉത്പാദനക്ഷമത അവാർഡ് പ്രഖ്യാപിച്ചു. വൻകിട വ്യവസായങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കീഴിലുള്ള പാലക്കാട്ടെ ക്ഷീരസംസ്കരണശാലയും രണ്ടാം സ്‌ഥാനം ഇരിങ്ങാലക്കുടയിലെ കെഎസ്ഇ ലിമിറ്റഡും, ഇടത്തരം വ്യവസായങ്ങളുടെ (വലുത്) വിഭാഗത്തിൽ ഒന്നാം സ്‌ഥാനം പാലക്കാട്ടെ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡും രണ്ടാം സ്‌ഥാനം ആക്കുളത്തെ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡും കരസ്‌ഥമാക്കി.

ഇടത്തരം വ്യവസായങ്ങളുടെ (ചെറുത്) വിഭാഗത്തിൽ ഒന്നാം സ്‌ഥാനം കൊച്ചി പാങ്കോട്ടെ സിമേഗ ഫ്ളേവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും രണ്ടാം സ്‌ഥാനം എറണാകുളത്തെ നെല്ലാടുള്ള പ്രൈമ പ്ലാസ്റ്റിക്സും സേവനമേഖല വിഭാഗത്തിൽ ഒന്നാം സ്‌ഥാനം കൊച്ചിയിലെ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡും രണ്ടാം സ്‌ഥാനം പാലക്കാട്ടെ ഫ്ളുയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കരസ്‌ഥമാക്കി.


എഫ്എസിടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയ്വീർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്. ഉത്പാദനക്ഷമതയിൽ അധിഷ്ഠിതമായ പ്രവർത്തനശൈലിയിൽ മുഴുകാൻ വ്യവസായങ്ങളെ പ്രേരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അവാർഡ് നൽകിവരുന്നതെന്നു സെക്രട്ടറി എൻ.എ. മുഹമ്മദുകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

അടുത്തമാസം ഒൻപതിനു മൂന്നിനു കളമശേരി പ്രൊഡക്റ്റിവിറ്റി കൗൺസിൽ ആസ്‌ഥാനത്തു നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രിയും പ്രൊഡക്റ്റിവിറ്റി കൗൺസിൽ പ്രസിഡന്റുമായ ഇ.പി. ജയരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കെ.എം. ജോർജ്, ജി. ശിവകുമാർ, കെ.വി. രാമചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.