ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മരംവീണു മെക്കാനിക് മരിച്ചു
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മരംവീണു മെക്കാനിക് മരിച്ചു
Thursday, June 23, 2016 1:59 PM IST
ആലുവ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് കൂറ്റൻ തണൽമരം മറിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ആലുവ അസീസികവലയിൽ ദേശത്ത് വീട്ടിൽ സുരേഷ് (46)ആണ് മരത്തിനടിയിൽ ഞെരിഞ്ഞമർന്ന് മരിച്ചത്. സുരേഷിന്റെ അരഭാഗം പൂർണമായും തകർന്നു. മരത്തിന്റെ വൻ ശിഖരം തലയിലടിച്ചശേഷം മടിയിലേക്കു പതിക്കുകയായിരുന്നു. സ്കൂട്ടറിന്റെ മധ്യഭാഗത്താണ് മരം വീണത്.

ആലുവ പവർഹൗസിൽനിന്ന് ഗവ. ആശുപത്രിയിലേക്കുള്ള റോഡിൽ പഴയ എക്സൈസ് ഓഫീസിനു സമീപം റോഡരികിൽ നിന്ന വലിയ തണൽമരമാണ് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്‌തമായ കാറ്റിൽ കടപുഴകിയത്. സുരേഷ് ജോലിചെയ്യുന്ന ആലുവ ഗവ. ആശുപത്രിക്കവലയിലെ ജയ്സൺസ് സ്കൂട്ടർ വർക്ഷോപ്പിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ മൂന്നു മണിയോടെയായിരുന്നു അപകടം. വർക്ഷോപ്പിന് വിളിപ്പാടകലെയായിരുന്നു ദുരന്തം. സംഭവസ്‌ഥലത്തുവച്ച് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


ആലുവ എസ്എൻ പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുരേഷ്. ഭാര്യ: സിനി. മക്കളായ നീരജയും നിഖിലയും വിദ്യാധിരാജ സ്കൂൾ വിദ്യാർഥിനികളാണ്. ഇന്നലെ അപകടം സംഭവിച്ച സ്‌ഥലത്തിനു മുന്നൂറു മീറ്റർ മാറി കഴിഞ്ഞദിവസവും മരംവീണിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.