കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം ആസാം വിജയംപോലെയെന്ന് അമിത്ഷാ
കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം ആസാം വിജയംപോലെയെന്ന് അമിത്ഷാ
Thursday, June 23, 2016 1:56 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപിക്കു കേരള നിയമസഭയിൽ പ്രാതിനിധ്യം കിട്ടിയതിനെ വാനോളം പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളത്തിൽ ഒരു സീറ്റു ലഭിച്ചതും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതും പാർട്ടി ഒറ്റമനസോടെ പ്രവർത്തിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ആസാമിൽ ബിജെപിയുടെ വിജയത്തിനു സമാനമാണു കേരളത്തിലെ പാർട്ടിയുടെ മുന്നേറ്റമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടുകയെന്നതല്ല ഭരണത്തിലെത്തുക എന്നതാകണം പാർട്ടിയുടെ ലക്ഷ്യമെന്നും അമിത്ഷാ ബിജെപി സംസ്‌ഥാന സമിതി യോഗത്തിൽ പറഞ്ഞു.

പിന്നാലെ നടന്ന സംസ്‌ഥാന സമിതിയിലെ ചർച്ചയിൽ, തെരഞ്ഞെടുപ്പിൽ നേതാക്കളെല്ലാം കൂട്ടത്തോടെ മത്സരിച്ചതിനെതിരേ ശക്‌തമായ വിമർശനമാണ് ഉയർന്നത്. നേതാക്കൾ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനു സംസ്‌ഥാനതലത്തിൽ നേതൃത്വം നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഇത്തരം പ്രവണതകൾ പാർട്ടിക്കു ഗുണകരമാകില്ലെന്നും നേതാക്കൾ സംസ്‌ഥാന സമിതിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചർച്ചകൾ ബിജെപി ജില്ലാ കമ്മിറ്റികളുടെ പരിശോധനയ്ക്കുശേഷം ആകാമെന്നു നേതൃത്വം നിലപാടെടുത്തു.

കുമരകം മെത്രാൻകായൽ, ആറന്മുള വിമാനത്താവള പ്രദേശം എന്നിവിടങ്ങളിൽ കൃഷിയിറക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ ബിജെപി സംസ്‌ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. സംസ്‌ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണു സർക്കാർ തീരുമാനത്തെ പാർട്ടി സ്വാഗതം ചെയ്തത്. ആറന്മുളയിലെ വിമാനത്താവളത്തിനു സംസ്‌ഥാന സർക്കാർ നൽകിയ അനുമതിപത്രം അടിയന്തരമായി റദ്ദു ചെയ്യാൻ സർക്കാർ തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന അഴിമതികൾ അന്വേഷിക്കുമെന്ന വാഗ്ദാനം പാലിക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണം. കേരളത്തിന്റെ വികസനത്തിനു കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കങ്ങളെ ബിജെപി സംസ്‌ഥാന സമിതി സ്വാഗതം ചെയ്യുന്നതോടൊപ്പം അന്ധമായ മോദി വിരുദ്ധ രാഷ്ട്രീയം അൽപ്പത്തരമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്കും സർക്കാരിനും ഉണ്ടാകണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ബിജെപിയുടെ ജില്ലാ–മണ്ഡലം–ബൂത്തു കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.


<ആ>എൻഡിഎ വിപുലീകരിക്കും

തിരുവനന്തപുരം : ദേശീയ ജനാധിപത്യ സഖ്യം വിപുലീകരിക്കാൻ തിരുവനന്തപുരത്തു ചേർന്ന എൻഡിഎ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളിൽ ബൂത്ത് തലം വരെ കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് എൻഡിഎ സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനത്തിൽ യോഗം സംതൃപ്തി പ്രകടിപ്പിച്ചു. ഇരുമുന്നണികൾക്കും എതിരെ മികച്ച പ്രകടനം നടത്താൻ സഖ്യത്തിനായതായി യോഗം വിലയിരുത്തി.

ഇടതു സർക്കാരിനെതിരേ ജനകീയ വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭം നടത്താനും തീരുമാനമായി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജിപി നേതാക്കളായ ഒ. രാജഗോപാൽ എംഎൽഎ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻകുമാർ കട്ടീൽ എംപി, രാജീവ് ചന്ദ്രശേഖർ എംപി, ബിഡിജെഎസ് അഖിലേന്ത്യാ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.വി. ബാബു, ജനറൽ സെക്രട്ടറി സുഭാഷ് വാസു, ജെആർഎസ് പ്രസിഡന്റ് സി.കെ. ജാനു, വർക്കിംഗ് പ്രസിഡന്റ് കുമരദാസ്, ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ജനറൽ സെക്രട്ടറിമാരായ രാജൻ കണ്ണാട്ട്, വി.ജെ. ബാബു, ജെഎസ്എസ് ജനറൽ സെക്രട്ടറി രാജൻ ബാബു എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.