പറക്കും അണ്ണാൻ കൗതുകമായി
പറക്കും അണ്ണാൻ കൗതുകമായി
Thursday, June 23, 2016 1:55 PM IST
മൂന്നാർ: അപൂർവവും ഏറെ പ്രത്യേകതകളുള്ളതുമായ ഭീമാകാരനായ അണ്ണാനെ മൂന്നാറിലെ വനത്തിൽ കണ്ടെത്തി. മൂന്നാറിലെ വാഗുവര എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വലുപ്പംകൊണ്ടും പറക്കുവാനുള്ള കഴിവുകൊണ്ടും ഇവ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

400 മുതൽ 1000 മീറ്റർവരെ ഉയരത്തിൽ ഇവയ്ക്ക് പറക്കാനാവും. നാലടിയോളം വലിപ്പമുള്ള ഇവ അണ്ണാൻ വർഗത്തിലെ ഭീമാകാരനാണ്. വലിപ്പംകൊണ്ട് ശ്രദ്ധനേടുന്ന ഇവ ഇന്ത്യൻ ജയന്റ് ഫ്ളയിംഗ് സ്ക്വിരൽ എന്നപേരിലും അറിയപ്പെടുന്നു.

ഇത്തരത്തിലുള്ള അണ്ണാൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ഇന്ത്യയെ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാൻമാർ, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലാണുള്ളത്.

മുൻകാലുകളും പിൻകാലുകളുമായി ബന്ധിപ്പിക്കുന്ന ത്വക്ക് ഇവയെ ഉയരത്തിൽ പറക്കാൻ സഹായിക്കുന്നു. തലയും ഉടലും 43 സെന്റീമീറ്റർ നീളം മാത്രമുള്ളപ്പോൾ വാൽഭാഗത്തിന് 52 സെന്റിമീറ്റർവരെ നീളമുണ്ട്. സസ്തനികളായ ഇവയുടെ പ്രജനനകാലം ജൂൺ മധ്യത്തോടുകൂടിയാണ്. കറുപ്പും ചാരനിറവും ഇടകലർന്ന നിറമുള്ള ഇവയുടെ ശരീരഭാഗങ്ങൾ മൃദുവാണ്. രോമാവൃതമായ വാലിനും ശരീരത്തോടും ചേർന്നിരിക്കുന്ന ഭാഗമാണ് ഇവയെ മറ്റു അണ്ണാനുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്.


മരപ്പൊത്തുകളിലും കട്ടികൂടിയ ഇലകൾക്കിടയിലും വസിക്കുന്ന ഇവ പകൽനേരങ്ങളിൽ പുറത്തിറങ്ങാറില്ല. രാത്രിയിൽ മാത്രമാണ് ഇവയുടെ സഞ്ചാരം.

മരപ്പട്ടകളും ഇലകളും കഴിക്കുന്ന ഇവയ്ക്ക് ലാർവകൾ ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ്. പരുന്തുകളുടേതിനു സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇവ ഭക്ഷണത്തിന് ക്ഷാമമുണ്ടാകുമ്പോൾ ആക്രമണകാരികളും ആകാറുണ്ട്.

ഏറെനേരവും വനത്തിനുള്ളിൽതന്നെ കഴിയുന്ന ഇവ മനുഷ്യസാന്നിധ്യമുള്ള സ്‌ഥലങ്ങളിൽ എത്താൻ ഇഷ്‌ടപ്പെടുന്നില്ല. പെറ്റാവുറിസ്ത ഫിലിപ്പിൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മലയാളത്തിൽ പാറാൻ എന്നും വിളിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.