ക്ലാസ് മുറിയിൽ സ്ഫോടനം; നാലുപേർക്കു പരിക്കേറ്റു
ക്ലാസ് മുറിയിൽ സ്ഫോടനം;  നാലുപേർക്കു പരിക്കേറ്റു
Thursday, June 23, 2016 1:37 PM IST
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾക്കു വഴിയിൽ നിന്നു ലഭിച്ച അജ്‌ഞാത വസ്തു ക്ലാസ് മുറിയിൽ ബാറ്ററിയുമായി ബന്ധിപ്പിച്ചപ്പോൾ പൊട്ടിത്തെറിച്ചു നാല് വിദ്യാർഥികൾക്കു പരുക്കേറ്റു. സ്ഫോടക വസ്തുവാണെന്ന് അറിയാതെ ക്ലാസ്മുറിയിൽ കൊണ്ടുവന്നു മൊബൈൽ ഫോണിന്റെ ബാറ്ററിയുമായി ഘടിപ്പിച്ചപ്പോഴാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഇന്നലെ രാവിലെ 9.55നാണ് സംഭവം. ഒൻപതാം ക്ലാസ് ഇലക്ട്രിക്കൽ വിഭാഗം വിദ്യാർഥികളായ തുമരംപാറ നന്ദികാട്ട് അശ്വിൻ, ചോറ്റി വടക്കേമുറിയിൽ ആന്റോച്ചൻ, കനകപ്പലം ചൂരവേലിൽ ആദിത്യൻ, ചിറ്റടി മാളിയേക്കൽ ഫ്രെഡിൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ കൈയ്ക്കും കാലിനും പരുക്കേറ്റ അശ്വിനും ആന്റോച്ചനും 26–ാം മൈൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. നിസാര പരുക്കേറ്റ ആദിത്യനും ഫ്രെഡിനും ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങി.

പാറപൊട്ടിക്കാൻ സ്ഫോടക വസ്തുക്കൾക്ക് ഒപ്പം ഉപയോഗിക്കുന്ന ഡിറ്റനേറ്റർ(കേപ്പ്) ആണ് പൊട്ടിത്തെറിച്ചതെന്നാണു പോലീസിന്റെ നിഗമനം. ഇന്ന് സയന്റഫിക് വിദഗ്ധരെത്തി പരിശോധിച്ചാലെ സ്ഫോടക വസ്തു എന്താണെന്ന് കൃത്യമായി അറിയാൻ കഴിയൂ എന്ന് ഡിവൈഎസ്പി വി.യു. കുര്യാക്കോസ് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് എരുമേലി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് അശ്വിന് സ്ഫോടക വസ്തു ലഭിച്ചത്. ഇതുമായി ഇന്നലെ സ്കൂളിലെത്തിയ അശ്വിൻ ആദ്യ പീരിഡ് കഴിഞ്ഞ് അധ്യാപകൻ പുറത്തേക്കു പോയ സമയത്ത് ക്ലാസ് മുറിയിൽ സഹപാഠികളായ ആന്റോച്ചൻ, ആദിത്യൻ,ഫ്രെഡിൻ എന്നിവരുമൊത്ത് മൊബൈൽ ഫോണിന്റെ ബാറ്ററിയുമായി ഘടിപ്പിക്കുകയായിരുന്നു. ഉടൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അശ്വിന്റെ വലതു കൈപ്പത്തിയിലും വലതു തുടയിലും കാലിലും മുറിവുകളുണ്ടായി. ആന്റോച്ചന്റെ വലതു കൈയിലെ വിരലിൽ ആഴത്തിൽ മുറിവുണ്ടായി. സ്ഫോടനത്തിൽ ഭയന്ന വിദ്യാർഥികൾ ക്ലാസിൽനിന്ന് ഇറങ്ങിയോടി.


ഈസമയം ക്ലാസിലുണ്ടായിരുന്ന മറ്റ് 15 വിദ്യാർഥികൾ കാണാതെയാണ് ഇവർ സ്ഫോടകവസ്തു ബാറ്ററിയുമായി ബന്ധിപ്പിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ അധ്യാപകരും മറ്റ് ജീവനക്കാരും കണ്ടത് മുറിവേറ്റ വിദ്യാർഥികളെയാണ്. ഉടൻ പ്രധാനാധ്യാപകൻ മാത്യു ഉമ്മന്റെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർഥികളെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം പോലീസിൽ വിവരം അറിയിച്ചു. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി വിദ്യാർഥികളെ 26—–ാം മൈൽ മേരിക്വീൻസ് ആശുപത്രിയിലേക്ക് മാറ്റി.

ഡിവൈഎസ്പി വി.യു.കുര്യാക്കോസ്, എസ്ഐ ഷിന്റോ പി.കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി ക്ലാസ് മുറി സീൽ ചെയ്തു. തിരുവനന്തപുരത്തു നിന്നുള്ള സയന്റിഫിക് വിദഗ്ധർ ഇന്നെത്തി പരിശോധന നടത്തും. ഡോ.എൻ.ജയരാജ് സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.