സ്വർണ മെഡൽ നേടുന്നതു മാത്രമായി കേരളത്തിന്റെ കായികരംഗം ചുരുങ്ങി: മന്ത്രി ഇ.പി. ജയരാജൻ
സ്വർണ മെഡൽ നേടുന്നതു മാത്രമായി കേരളത്തിന്റെ കായികരംഗം ചുരുങ്ങി: മന്ത്രി ഇ.പി. ജയരാജൻ
Thursday, June 23, 2016 1:37 PM IST
തിരുവനന്തപുരം: മത്സരങ്ങളിൽ പങ്കെടുത്തു സ്വർണ മെഡൽ നേടുന്നതു മാത്രമായി കേരളത്തിന്റെ കായികരംഗം ചുരുങ്ങിയെന്നു മന്ത്രി ഇ.പി. ജയരാജൻ. കായിക രംഗത്തിന്റെ വിപുലീകരണം അനിവാര്യമാണ്. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലും സംസ്‌ഥാന കായിക–യുവജന മന്ത്രാലയവും സംയുക്‌തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ കായികരംഗം വിപുലീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. കായിക പ്രതിഭകളെ സൃഷ്‌ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്‌ഥാനത്ത് ആവിഷ്കരിക്കും. ഗ്രാമീണതലം മുതൽ കായിക പരിശീലനത്തിനുള്ള അവസരങ്ങൾ സൃഷ്‌ടിക്കുകയാണു സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പഴയ കായിക താരങ്ങളെ ആരും ശ്രദ്ധിക്കാതെ പോകുന്ന അവസ്‌ഥയുണ്ട്. എന്നാൽ, എല്ലാ കായിക താരങ്ങളെയും സംരക്ഷിച്ചു മാത്രമേ പുതിയ സർക്കാർ മുന്നോട്ടുപോകൂ. 2024 ലെ ഒളിമ്പിക്സിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിയുന്ന കായികതാരങ്ങളെ വളർത്തിയെടുക്കുമെന്നും കായിക മന്ത്രി പറഞ്ഞു.


രാവിലെ 7.45 ന് കവടിയാർ ജംഗ്ഷനിൽനിന്ന് തുടങ്ങിയ കൂട്ടയോട്ടം സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു.

കൂട്ടയോട്ടത്തിൽ കായിക താരങ്ങൾ, കാര്യവട്ടം എൽഎൻസിപിയിലെ കായിക വിദ്യാർഥികൾ, തലസ്‌ഥാനത്തെ സ്കൂൾ വിദ്യാർഥികൾ, പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികർ തുടങ്ങിയവർ പങ്കെടുത്തു. റാലിയിൽ നേതൃത്വം വഹിക്കേണ്ട സംസ്‌ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജും മറ്റു ഭരണസമിതി അംഗങ്ങളും സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബുധനാഴ്ച രാജിവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.