സംസ്‌ഥാന സിവിൽ സർവീസ് നവീകരിക്കും: മുഖ്യമന്ത്രി
സംസ്‌ഥാന സിവിൽ സർവീസ് നവീകരിക്കും: മുഖ്യമന്ത്രി
Thursday, June 23, 2016 1:25 PM IST
തിരുവനന്തപുരം: സംസ്‌ഥാന സിവിൽ സർവീസ് നവീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാർ ജനങ്ങളുടെ സേവകരാണെന്ന ചിന്ത വേണം. യാന്ത്രികതയ്ക്കപ്പുറം അർഥപൂർണമായ ഇടപെടലാണു ജനങ്ങൾ സർക്കാർ ജീവനക്കാരിൽ നിന്നും ആഗ്രഹിക്കുന്നത്. ഫയലുകൾ താമസിപ്പിക്കുന്നത് ഒരു സംസ്കാരമായി മാറിയിട്ടുണ്ട്. ഇതു വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ഇ–ഗവേണൻസ് സമ്പൂർണമാകുന്നതോടെ പേപ്പറില്ലാത്ത സേവന മേഖലയായി സർക്കാർ സർവീസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വരുമാനം ആഗ്രഹിക്കുമ്പോഴാണു തെറ്റായ മാർഗത്തിലേക്കു പോകുന്നത്. ഇതിന്റെ ഭാഗമായാണു അഴിമതി ഉണ്ടാകുന്നത്. കെടുകാര്യസ്‌ഥതയും അലസതയും അച്ചടക്കമില്ലായ്മയുമാണു സിവിൽ സർവീസിനെ ദുഷിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർക്കു പരിശീലനമില്ലാത്തതു കെടുകാര്യസ്‌ഥതയ്ക്കു കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.