കാഷ്മീർ ഇന്ത്യയുടെ ഭാഗമായി നിലനില്ക്കുന്നതിന്റെ കാരണം ശ്യാമപ്രസാദ് മുഖർജി: അമിത് ഷാ
കാഷ്മീർ ഇന്ത്യയുടെ ഭാഗമായി നിലനില്ക്കുന്നതിന്റെ കാരണം ശ്യാമപ്രസാദ് മുഖർജി: അമിത് ഷാ
Thursday, June 23, 2016 1:25 PM IST
തിരുവനന്തപുരം: കാഷ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി നിലനിൽക്കുന്നതിന് കാരണം ഭാരതീയ ജനസംഘത്തിന്റെ സ്‌ഥാപകനേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനമായിരുന്നെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

തന്റെ ചെറിയ ജീവിതകാലയളവിനിടയ്ക്കു നിസ്തുലമായ അനേകം കാര്യങ്ങൾ ചെയ്തെങ്കിലും ശ്യാമപ്രസാദ് മുഖർജിയെ ഭാരതം ഓർക്കുന്നതു പ്രധാനപ്പെട്ട മൂന്നു വിഷയങ്ങളിലാണ്. ബംഗാൾ വിഭജനം, ഭാരതീയ ജനസംഘത്തിന്റെ സ്‌ഥാപനം, കാഷ്മീർ പ്രക്ഷോഭം എന്നീ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാട് വർഷങ്ങളെത്ര കഴിഞ്ഞാലും മായാതെ നിലകൊള്ളും.

കാഷ്മീരിന് പ്രത്യേക അവകാശങ്ങളും പ്രധാനമന്ത്രിയെയും പതാകയെയും ഒക്കെ നൽകി വിഷയം വഷളാക്കിയത് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്. രാജ്യം മുഴുവനും ഉയർന്ന പ്രക്ഷോഭത്തിന്റെ ഫലമായി കാഷ്മീരിന്റെ പ്രത്യേക പദവി നെഹ്റു സർക്കാർ പിൻവലിച്ചു. ഷേഖ് അബ്ദുള്ളയുടെ പ്രധാനമന്ത്രി പദം മുഖ്യമന്ത്രിപദമായി. ഹിന്ദുമഹാസഭയുടെ അധ്യക്ഷ പദവി ഏറ്റെടുക്കാൻ മുഖർജിയെ ഗാന്ധിജി നിർബന്ധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.


ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആധ്യക്ഷ്യം വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാൽ, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻകുമാർ കട്ടിൽ എംപി, ഒ. രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ബിജു ബി. നായർ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.