റബർപാൽ പരിശോധനയിൽ ക്രമക്കേട്: മുഖ്യമന്ത്രിക്കു പരാതി
Thursday, June 23, 2016 1:25 PM IST
കണ്ണൂർ: ഗുണനിലവാരം കണക്കാക്കി റബറിന്റെ വില നിശ്ചയിക്കുന്നതിനുള്ള റബർപാൽ പരിശോധനയിൽ ക്രമക്കേടെന്നു പരാതി. പാലിലെ ഡ്രൈ റബർ കണ്ടന്റ് (ഡിആർസി) പരിശോധനയിലാണു തട്ടിപ്പ് നടക്കുന്നത്. ചുണ്ടക്കുന്നിലെ പുതുക്കാട് എസ്റ്റേറ്റ് മാനേജർ ഫാ. കെ.ടി. മാത്യു ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകി.

പാലിന്റെ കട്ടിയനുസരിച്ചാണു ഡിആർസിയിൽ വ്യത്യാസം വരുന്നത്. ഡിആർസി കുറയുന്നതനുസരിച്ചു പാൽവിലയിൽ വലിയ വ്യത്യാസം വരും. ഡിആർസി പെട്ടെന്നു കുറഞ്ഞപ്പോൾ സംശയം തോന്നി പല സ്‌ഥലത്തായി പരിശോധന നടത്തിയെങ്കിലും ഫലം വ്യത്യസ്തമായിരുന്നുവെന്നു ഫാ. മാത്യു പറയുന്നു. മൂന്നാഴ്ചവരെയുള്ള പാൽ, ബാരലുകളിൽ സംഭരിച്ചുവച്ചശേഷമാണു വില്പന നടത്തിയിരുന്നത്.


സ്വകാര്യ കമ്പനിക്കുവേണ്ടി ഏജൻസിയാണു പാൽ വാങ്ങിയിരുന്നത്. ഡിആർസി 42 ശതമാനം ഉണ്ടായിരുന്നത് 35.75 ആയി കുറഞ്ഞപ്പോൾ അതേ പാൽ റബ്കോയിൽ പരിശോധനയ്ക്കു നൽകി. റബ്കോയിൽനിന്നു ലഭിച്ച ഫലം ഡിആർസി 34.75 ശതമാനമാണെന്നാണ്. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോൾ കച്ചവടക്കാർക്ക് ഒരുശതമാനം അധികം നൽകാറുണ്ടെന്നായിരുന്നു മറുപടി.

ഇതേത്തുടർന്ന് റബർബോർഡിന്റെ കോഴിക്കോട് നടക്കാവിലുള്ള പരിശോധനാ കേന്ദ്രത്തിലേക്കു പാൽ അയച്ചു. അവിടെനിന്നു ലഭിച്ച പരിശോധനാ ഫലത്തിൽ ഡിആർസി 32.83 ആയിരുന്നു. റബർപാൽ പരിശോധനയിൽ വ്യാപാരികളുമായി ഒത്തുകളിച്ചു വൻതോതിലുള്ള ക്രമക്കേട് നടത്തുന്നുണ്ടെന്നതിന്റെ സൂചനയാണിതെന്നു ഫാ. മാത്യു പരാതിയിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.