സ്പോർട്സ് കൗൺസിൽ: അഞ്ജു രാജിവച്ചു
സ്പോർട്സ് കൗൺസിൽ: അഞ്ജു രാജിവച്ചു
Wednesday, June 22, 2016 2:16 PM IST
തിരുവനന്തപുരം: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്‌ഥാനം രാജിവച്ചു. കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് അഞ്ജു പ്രസിഡന്റായുള്ള ഭരണസമിതിയിലെ എട്ട് അംഗങ്ങളും ഇന്നലെ രാജിവച്ചത്. സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അഞ്ജു രാജിപ്രഖ്യാപനം നടത്തി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുടെ തുടർച്ചയാണു രാജിയെന്ന് അഞ്ജു പറഞ്ഞു. മതത്തിനും രാഷ്ട്രീയത്തിനും അതീതമായിരിക്കും സ്പോർട്സ് എന്നാണു പ്രതീക്ഷിച്ചത്. ആ പ്രതീക്ഷ തെറ്റി. സ്പോർട്സ് കൗൺസിലിൽ എത്തിക്സ് കമ്മിറ്റി കൊണ്ടുവരാൻ ശ്രമിച്ചതോടെയാണ് എതിർപ്പ് ആരംഭിച്ചത്. എത്തിക്സ് കമ്മിറ്റി രൂപീകരിച്ചതോടെ എന്റെ ഔദ്യോഗിക ഇ– മെയിൽ ഹാക്ക് ചെയ്യപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടു. ഇതുസംബന്ധിച്ച് ഇപ്പോഴും പോലീസ് അന്വേഷണം നടത്തുകയാണ്.
മറ്റു സംസ്‌ഥാനങ്ങളിൽ സ്പോർട്സ് ഒരു വശത്ത്, രാഷ്ട്രീയം മറുവശത്ത് എന്ന നിലയിലാണ്. എന്നാൽ, കേരളത്തിൽ ഇതു വ്യത്യസ്തമാണ്. ഏറെ തിരക്കുണ്ടായിരുന്നിട്ടും സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്സ്‌ഥാനം ഏറ്റെടുത്തത്. വിവാദമായ പശ്ചാത്തലത്തിൽ തന്റെ സഹോദരൻ അജിത് മാർക്കോസ് അസി. സെക്രട്ടറി (ടെക്നിക്കൽ) സ്‌ഥാനവും രാജിവച്ചതായി അഞ്ജു പറഞ്ഞു.

ആറുമാസമായി സ്പോർട്സ് കൗൺസിലിൽ അഴിമതിയെന്ന് ആരോപിക്കുന്ന സർക്കാർ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളും പരിശോധിക്കണമെന്നും ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുമെന്നും അഞ്ജു പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണ് സ്പോർട്സ് ലോട്ടറിയുടെ പേരിൽ നടന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും സ്പോർട്സ് ലോട്ടറിയിൽനിന്നുള്ള ഒരു ഫലവും കൗൺസിലിനു ലഭിച്ചിട്ടില്ല. ഈ പ്രശ്നങ്ങൾ അഞ്ജുവിന്റേതല്ല. കേരള ജനതയുടേതാണ്. മാധ്യമങ്ങൾ ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും അഞ്ജു ആവശ്യപ്പെട്ടു.


സഹോദരൻ അജിത് മാർക്കോസിെൻറ നിയമനത്തിൽ വഴിവിട്ടൊന്നും നടത്തിയിട്ടില്ല. അഞ്ച് അന്താരാഷ്ട്ര മെഡലുകൾ നേടിയ കായികതാരങ്ങളുടെ പരിശീലകൻ എന്ന പരിഗണനയിലാണ് അജിത്തിനെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഈ നിയമനം സർക്കാർ തലത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അജിത്തും സ്‌ഥാനം രാജിവയ്ക്കുകയാണ്.

ഞങ്ങളുടെ കുടുംബത്തിന് ഇതു പുതുമയല്ല. ലോക ചാമ്പ്യൻഷിപ്പിൽ ഞാൻ സ്വർണം നേടിയപ്പോൾ കോച്ചും ഭർത്താവുമായ റോബർട്ട് ബോബി ജോർജിനു ജോലി നൽകിയതിനെപ്പറ്റി സംസ്‌ഥാനത്ത് അന്നു വിവാദം ഉണ്ടായിരുന്നു. അന്ന് അദ്ദേഹവും കേരളത്തിലെ ജോലി രാജിവച്ചിരുന്നു. കായികരംഗത്തെ എല്ലാവർക്കും കൊല്ലാം, പക്ഷേ കായികതാരങ്ങളെ തോൽപ്പിക്കാനാവില്ല. കായികരംഗത്തു കേരളത്തിനായി എന്തെങ്കിലും ചെയ്യാൻ പദവിയുടെ ആവശ്യമില്ല. കേരളത്തിൽനിന്നു താൻ ബംഗളൂരുവിലെ അക്കാദമിയിലേക്കു കായികതാരങ്ങളെ കൊണ്ടുപോകുന്നതിൽ എന്താണ് തെറ്റെന്നു അഞ്ജു ചോദിച്ചു. ഇന്ത്യയിൽ ഏറ്റവും മികച്ച പരിശീലന സൗകര്യങ്ങൾ ഉള്ളത് ബംഗളൂരുവിലാണ്. അവിടെ പരിശീലനം നേടിയാലും അവർ കേരളത്തിനു വേണ്ടിയായിരിക്കും മത്സരത്തിനിറങ്ങുകയെന്നും അഞ്ജു കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.