ബിഡിജെഎസ് ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി
ബിഡിജെഎസ് ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി
Wednesday, June 22, 2016 2:12 PM IST
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായുള്ള ബന്ധം കാര്യമായി ഗുണം ചെയ്തില്ലെന്നു ബിജെപി നേതൃയോഗത്തിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. രണ്ടോ മൂന്നോ ഇടങ്ങളിൽ മാത്രമാണ് ബിഡിജെഎസുമായുള്ള ബന്ധം ഗുണം ചെയ്തത്. ബിഡിജെഎസിനൊപ്പമുള്ള കെപിഎംഎസ് നേതാക്കൾ പലയിടങ്ങളിലും പരസ്യമായി തന്നെ എൽഡിഎഫിനൊപ്പം നിന്നു. ഇത് എൻഡിഎ സഖ്യത്തെ ദോഷകരമായി ബാധിച്ചതായും ഇന്നലെ ചേർന്ന യോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ പക്ഷേ, വരവുചെലവ് കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. ധനവിനിയോഗം കൈകാര്യം ചെയ്ത ആർഎസ്എസുകാർ റിപ്പോർട്ട് നൽകാത്തതാണ് ഇതിനു കാരണമെന്നു ബിജെപി നേതാക്കൾ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആർഎസ്എസുകാർ ഹൈജാക്ക് ചെയ്തതായും സജീവ ബിജെപിപ്രവർത്തകരെ ഒഴിവാക്കിയതായും ഇടുക്കിയിൽനിന്ന് ഉൾപ്പെടെയുള്ള ചില റിപ്പോർട്ടുകളിൽ കുറ്റപ്പെടുത്തി. പ്രാദേശിക ബിജെപി പ്രവർത്തകർക്ക് ചിലയിടങ്ങളിൽ നീതി ലഭിച്ചില്ല.


ഉമ്മൻചാണ്ടി, പി.സി. ജോർജ് തുടങ്ങിയവരുടെ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് കുറഞ്ഞതിനെ സംബന്ധിച്ച് പ്രത്യേക കമ്മിറ്റി അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. കണ്ണൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ നിന്നും ഇതേ ആവശ്യമുയർന്നിട്ടുണ്ട്.

സെപ്റ്റംബർ 23ന് കോഴിക്കോട് നടക്കുന്ന ദേശീയ നിർവാഹക സമിതിയോഗം സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻ സംസ്‌ഥാന അധ്യക്ഷൻ വി. മുരളീധരനെ യോഗം ചുമതലപ്പെടുത്തി. പാർട്ടി സംസ്‌ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ പുതുക്കി പണിയാനും തീരുമാനിച്ചു. പ്രവർത്തകരിൽ നിന്നു പണം സ്വരൂപിച്ചാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.