അമിറുളിനെ ചോദ്യം ചെയ്യുന്നു; തെളിവെടുപ്പ് വരുംദിവസങ്ങളിൽ
അമിറുളിനെ ചോദ്യം ചെയ്യുന്നു; തെളിവെടുപ്പ് വരുംദിവസങ്ങളിൽ
Wednesday, June 22, 2016 2:12 PM IST
കൊച്ചി/പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ കൃത്യം നടന്ന സ്‌ഥലത്തെത്തിച്ചു ള്ള തെളിവെടുപ്പ് വരും ദിവസങ്ങളിൽ. ആലുവ പോലീസ് ക്ലബിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെങ്കിലും നിർണായക വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. പ്രതി അടിക്കടി മൊഴി മാറ്റിപ്പറയുന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. ദ്വിഭാഷിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചോദ്യം ചെയ്യൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആസാമിൽ തെളിവെടുപ്പിനായി കൊണ്ടുപോയി അവിടുത്തെ പോലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പെരുമ്പാവൂരിൽ വട്ടോളിപ്പടിയിലെ ജിഷ കൊല്ലപ്പെട്ട വീട്ടിലും വൈദ്യശാലപ്പടിയിലെ താമസസ്‌ഥലത്തും ആസാമിലെ ഇയാളുടെ സ്വദേശത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ജനക്കൂട്ടം എത്തുന്നത് തെളിവെടുപ്പിനു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാത്തത്. അമിറുൾ ഇസ്ലാം ചോദ്യം ചെയ്യലിൽ മൊഴി മാറ്റി പറയുന്നത് അന്വേഷണത്തെ വല്ലാതെ കുഴയ്ക്കുന്നുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളും സമീപത്തുള്ള കനാലിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ പ്രതി തൊണ്ടിമുതലുകൾ നാട്ടിലേക്ക് കൊണ്ടുപോയെന്നാണ് പറയുന്നത്. നാട്ടിലേക്കുള്ള മാർഗമധ്യേ ഇതു ഉപേക്ഷിച്ചുവെന്നും ഇയാൾ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. ഇതേതുടർന്ന് ഇന്നലെ പെരുമ്പാവൂരിൽ പോലീസ് നടത്തിയ തെരച്ചിൽ വേഗത്തിൽ അവസാനിപ്പിച്ചു.


ലഭ്യമായിട്ടുള്ള ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടി ഇണക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വിഷമിക്കുകയാണ്. പ്രതി പിടിയിലായി ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലയ്ക്ക് ഉപയോഗിച്ച കത്തിയും സംഭവം നടക്കുമ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നതു തന്നെ അവരെ വിഷമിപ്പിക്കുന്നുണ്ട്. പ്രതിക്കു ഹിന്ദി വശമാണെന്ന കാര്യം പോലും പോലീസിനു മനസിലാക്കാൻ സാധിച്ചില്ല. ആസാമി ഭാഷ മാത്രമേ ഇയാൾക്കു അറിയൂ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

സംസ്‌ഥാനത്ത് ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ സമാനമായ കേസുകളിലും ഇയാൾക്കു പങ്കാളിത്തം ഉണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. 2012–ൽ കോതമംഗലം മാതിരപ്പിള്ളിയിൽ ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലും കോതമംഗലത്ത് തന്നെ ആംഗനവാടി ടീച്ചറെ ബലാത്സംഗം ചെയ്ത് നഗ്നയാക്കി കുറ്റിക്കാട്ടിൽ തള്ളിയ കേസിലും അമിറുൾ ഇസ്ലാമിന് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. അന്ന് പ്രായപൂർത്തിയാകാത്ത അമീറുള്ള എന്ന് പേരുള്ള ഇതരസംസ്‌ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഈ അമീറുള്ള തന്നെയാണോ അമിറുൾ ഇസ്ലാം എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. കൂടാതെ ജിഷയുടെ കൊലപാതകത്തിൽ അമിറുളിന്റെ സുഹൃത്ത് അനാറിന് പങ്കുണ്ടെന്നുള്ള വ്യക്‌തമായ സൂചനയുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ ആസാമിൽ ഊർജിതമാക്കിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.