വൃഷ്‌ടിപ്രദേശങ്ങളിൽ മഴ ദുർബലം; ഊർജമേഖലയ്ക്കു തിരിച്ചടി
Wednesday, June 22, 2016 1:59 PM IST
<ആ>ജോൺസൺ വേങ്ങത്തടം

തൊടുപുഴ: അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളിൽ മഴ ദുർബലമായതുമൂലം സംസ്‌ഥാനം കടുത്ത ഊർജ പ്രതിസന്ധിയിലേക്ക്. ജൂൺ ഏഴോടെ കാലവർഷം ശക്‌തമാകുമെന്ന പ്രവചനം തെറ്റി. ഇന്നലത്തെ കണക്കനുസരിച്ച് സംസ്‌ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇതുകൊണ്ട് 952.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കഴിഞ്ഞ വർഷം ഇതേദിവസത്തേക്കാൾ 158.92 കുറവാണിത്.

സംസ്‌ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ വൃഷ്‌ടിപ്രദേശത്തു മഴയുടെ അളവ് തീരെ കുറവാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 0.98 സെന്റിമീറ്റർ മഴ ലഭിച്ചു. 4.466 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 2318.16 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 22 ശതമാനമാണിത്. മുൻ ഷെഡ്യൂൾ പ്രകാരം മൂലമറ്റം പവർഹൗസിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി തുടങ്ങി. 3.04 ദശലക്ഷം യൂണീറ്റ് വൈദ്യുതിയാണ് ഇന്നലെ ഇവിടെ ഉത്പാദിപ്പിച്ചത്. ഷോളയാർ, നേര്യമംഗലം നിലയങ്ങളിലെ ഒരോ ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.


ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുറ്റിയാടിയിലാണ്. 4.3 സെന്റിമീറ്റർ. മറ്റ് പദ്ധതി പ്രദേശങ്ങളിൽ ഇന്നലെ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെ. പമ്പ –0.7 സെന്റിമീറ്റർ, ലോവർപെരിയാർ–1 , നേര്യമംഗലം– 0.6, ഷോളയാർ –0.4, കക്കി– 0.6, ഇടമലയാർ– 0.56, മാട്ടുപ്പെട്ടി –0.4, തര്യോട്– 0.5, പൊന്മുടി– 0.2. സംസ്‌ഥാനത്തെ ഇന്നലത്തെ ജല വൈദ്യുതി ഉത്പാദനം 10.159 ദശലക്ഷം യൂണിറ്റും ഉപയോഗം 59.155 ദശലക്ഷം യൂണിറ്റുമാണ്. പുറത്തുനിന്നും വാങ്ങിയത് 48.172 ദശലക്ഷം യൂണിറ്റ്. ചൂടുകുറഞ്ഞതിനാൽ പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായതു വൈദ്യുതി ബോർഡിന് ആശ്വാസമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.