ഫാ. മാത്യു വടക്കേമുറി കാലത്തിനു മുമ്പേ പറന്ന പക്ഷി: ബിഷപ് മാർ പുളിക്കൽ
ഫാ. മാത്യു വടക്കേമുറി കാലത്തിനു മുമ്പേ പറന്ന പക്ഷി: ബിഷപ് മാർ പുളിക്കൽ
Wednesday, June 22, 2016 1:59 PM IST
കാഞ്ഞിരപ്പള്ളി: കാലത്തിനു മുമ്പേ പറന്ന പക്ഷിയാണു ഫാ. മാത്യു വടക്കേമുറിയെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ. കൂവപ്പള്ളി സെന്റ് ജോസഫ്സ് പാരീഷ് ഹാളിൽ ഫാ. മാത്യു വടക്കേമുറി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഫാ. മാത്യു വടക്കേമുറി അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ആവശ്യങ്ങളെക്കാൾ അപരന്റെ ആവശ്യങ്ങൾക്കാണ് വടക്കേമുറിയച്ചൻ പ്രാധാന്യം നൽകിയിരുന്നതെന്നും രാത്രിയെ പകലാക്കി അധ്വാനിച്ച മഹത് വ്യക്‌തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.

മലനാട് ഡവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചു സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഫാ. മാത്യു വടക്കേമുറിക്കു കഴിഞ്ഞെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച രാഷ്്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം പറഞ്ഞു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളോടൊപ്പം അദ്ദേഹം നിലകൊണ്ടു. ചങ്ങനാശേരി രൂപതയിൽ ആർപ്പൂക്കര പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്നപ്പോൾ അച്ചൻ തുടങ്ങിയ സാമൂഹ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു. ദീപിക ദിനപ്പത്രത്തിന് ഒരു മാർഗദർശിയായിരുന്നു ഫാ. മാത്യു വടക്കേമുറിയെന്നും റവ.ഡോ. മാണി പുതിയിടം അനുസ്മരിച്ചു.


കാരുണ്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഇ.ജെ. ജയിംസ് അനുസ്മരണ പ്രഭാഷണം നടത്തി. വികാരി ജനറാൾമാരായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജെസ്റ്റിൻ പഴേപറമ്പിൽ, സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. അഗസ്റ്റിൻ നെല്ലിയാനി, സെന്റ് ആന്റണീസ് കോളജ് ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേൽ, ഫാ. ജോർജ് കൊച്ചുപറമ്പിൽ, പി.കെ. കുര്യൻ, റെജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഫാ. മാത്യു വടക്കമുറി വികസന അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുരസ്കാരത്തിനു മുണ്ടക്കയം സിഎംഎസ് എൽപി സ്കൂൾ അർഹരായി. 50000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.