അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നിർബന്ധബുദ്ധിയില്ല: വൈദ്യുതി മന്ത്രി
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നിർബന്ധബുദ്ധിയില്ല: വൈദ്യുതി മന്ത്രി
Tuesday, May 31, 2016 12:52 PM IST
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കണമെന്ന നിർബന്ധബുദ്ധി സർക്കാരിനില്ലെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് മാത്രമല്ല, പൊതുസമൂഹവും ചർച്ച ചെയ്യണം. ജനങ്ങൾക്കു വേണ്ടാത്ത കാര്യങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനും വിവാദങ്ങൾ ഉണ്ടാക്കാനും സർക്കാർ ആഗ്രഹിക്കുന്നില്ല. അതേസമയം, സംസ്‌ഥാനത്തിന്റെ വൈദ്യുതിരംഗം സങ്കീർണമായ അവസ്‌ഥയിലാണെന്നും, വളർച്ചയാണ് സംസ്‌ഥാനം ലക്ഷ്യംവയ്ക്കുന്നതെങ്കിൽ വൻകിട പദ്ധതികളില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നും മന്ത്രി പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു. എല്ലാവരുമായും ചർച്ച ചെയ്തു സമവായം ഉണ്ടാക്കിയശേഷം മാത്രമെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോവുകയുള്ളൂ.

വൈദ്യുതിയുടെ ഉപയോഗത്തിനനുസരിച്ച് ഉത്പാദനം കേരളത്തിലില്ല. അതിനാലാണ് വൻകിട വൈദ്യുതപദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നത്. മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികൾ പുനരുജ്‌ജീവിപ്പിച്ചു പൂർത്തിയാക്കും. സൗരോർജ വൈദ്യുതി ഉത്പാദനത്തിന് ഊന്നൽ നൽകും. കാസർഗോഡ് ജില്ലയിൽ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്‌ഥാപിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഈ വർഷംതന്നെ ഇതുവഴി 50 മെഗാവാട്ട് ഉത്പാദിപ്പിക്കും. ഉത്പാദന മുരടിപ്പ് മറികടക്കുന്നതിനായി പുതിയ പുതിയ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കാനും അതുവഴി പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാനുമാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തിനു മുൻപു ചെയ്തുതീർക്കേണ്ട ലൈൻ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. ഇതിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് അധികാരം നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതു സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയെ നിയോഗിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്‌ഥാനത്തിന്റെ ഭാവി മുന്നിൽക്കണ്ട് മാസ്റ്റർ പ്ലാൻ തയാറാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.