മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം: പി.ജെ. ജോസഫ്
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം: പി.ജെ. ജോസഫ്
Tuesday, May 31, 2016 12:35 PM IST
തൊടുപുഴ: അതിവൃഷ്‌ടിയെയും ഭൂകമ്പത്തെയും അതിജീവിക്കാനുള്ള കരുത്ത് 120 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനില്ലെന്നും ഭൂകമ്പം തരണം ചെയ്യാനുളള സാങ്കേതികവിദ്യ ഇല്ലാതിരുന്ന കാലത്താണ് മുല്ലപ്പെരിയാർ ഡാം നിർമിച്ചതെന്നും അതിനാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം കൂടിയേതീരൂവെന്നും മുൻ ജലവിഭവ മന്ത്രി പി.ജെ ജോസഫ്. തേക്കടി, കൊടൈവല്ലൂർ ഭ്രംശമേഖലയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയുളള ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് പഠനങ്ങളുണ്ട്. മേലുകാവ് കേന്ദ്രമായി സമീപകാലത്ത് ഭൂചലനങ്ങളുണ്ടായി. കേവലം അറ്റകുറ്റപ്പണികൊണ്ടു മാത്രം ഡാം നിലനിർത്താനാവില്ലെന്നും പി.ജെ. ജോസഫ് വ്യക്‌തമാക്കി.

കഴിഞ്ഞ വർഷം ചെന്നൈയിൽ 30 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നഗരം വെള്ളപ്പൊക്കത്തിലായതും തുടർന്നുണ്ടായ കെടുതികളും നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അതിവൃഷ്ടിയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ മേഖലയിൽ ഒരു ദിവസംതന്നെ 50 സെന്റിമീറ്ററിനു മുകളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വ്യക്‌തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പീരുമേട് താലൂക്കിൽ 64 സെന്റിമീറ്റർ മഴവരെ ഒറ്റ ദിവസം ഉണ്ടാകാമെന്ന് കേന്ദ്രജല കമ്മീഷൻ വിലയിരുത്തിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ 60 സെന്റിമീറ്റർ മഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തു പെയ്താൽ ഡാമിനു മുകളിലൂടെ അഞ്ചടി ഉയരത്തിൽ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ടാകും. ഈ സമ്മർദം താങ്ങാൻ ഡാമിനു സാധിക്കില്ല.


മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ പഠിച്ച് ഉചിതമായ നിലപാടു സ്വീകരിക്കണമെന്നും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ താത്പര്യത്തിനെതിരായി മുഖ്യമന്ത്രി നിൽക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടുമായി ഇക്കാര്യത്തിൽ ചർച്ചനടത്താനും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.