ഇടതുസംഘടനാ നേതാവിനു പ്രിൻസിപ്പലായി വഴിവിട്ട നിയമനം
Tuesday, May 31, 2016 12:35 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിരമിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ ഇടതുസംഘടനാ നേതാവിന് പ്രിൻസിപ്പലായി വഴിവിട്ട നിയമനം. ചൊവ്വാഴ്ച വൈകുന്നേരം നിയമനോത്തരവ് ലഭിച്ച നേതാവ് പ്രിൻസിപ്പലായി ചുമതലയേറ്റ് ഒരു മണിക്കൂറിനകം വിരമിക്കുകയും ചെയ്തു.

കെജിഒഎ സംസ്‌ഥാന നേതാവ് പ്രഫ. ശശികുമാറിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അപൂർവങ്ങളിൽ അപൂർവമായ ഉത്തരവിലൂടെ നിയമനം നൽകിയത്. ഇതിനു പുറമെ ഇദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാനും പാർട്ടിതല തീരുമാനമായതായി അറിയുന്നു.

പ്രിൻസിപ്പൽ നിയമനത്തിന് പ്രത്യേകം അപേക്ഷ ക്ഷണിച്ച് പാനൽ തയാറാക്കുന്ന രീതി നിലനിൽക്കുമ്പോഴാണ് അപേക്ഷ പോലും സമർപ്പിക്കാത്തയാൾക്ക് പ്രിൻസിപ്പലായി തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിൽ നിയമനം നൽകിയത്. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രഫസറായിരുന്ന ശശികുമാറിനെ പ്രിൻസിപ്പലായി നിയമിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രൊപ്പോസൽ വാങ്ങുകയായിരുന്നു. ഒരു പ്രിൻസിപ്പൽ തസ്തിക ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രൊപ്പോസൽ സമർപ്പിച്ചത്.


മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അംഗീകാരത്തോടെ വൈകുന്നേരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശശികുമാറിന് പ്രിൻസിപ്പലായി ചുമതലയേൽക്കാനായി തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിലെ പ്രിൻസിപ്പൽ ഡോ. രഘുരാജിനെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിംഗ് കോളജിലേക്കു സ്‌ഥലം മാറ്റുകയും ചെയ്തു.

പ്രിൻസിപ്പൽ നിയമനത്തിനായി 2015–ൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിക്കുകയും പാനൽ തയാറാക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം നിയമനം ലഭിച്ചവരിൽ പലർക്കും യോഗ്യതയില്ലെന്നു കാണിച്ച് അപേക്ഷകരിൽ ചിലർ കോടതിയെ സമീപിച്ചിരുന്നു. പ്രിൻസിപ്പലായി നിയമിച്ച പലരെയും കോടതി നിർദേശ പ്രകാരം പഴയ തസ്തികയിലേക്ക് തരംതാഴ്ത്തി ഉത്തരവിറങ്ങുന്നതിനിടെയാണ് അപേക്ഷകൻ പോലുമല്ലാത്തയാളെ പ്രിൻസിപ്പലായി നിയമിച്ചതെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.