ജിഷ വധക്കേസ്: ഉത്തരവിൽ അപാകതയെന്തെന്നു കോടതി
ജിഷ വധക്കേസ്: ഉത്തരവിൽ  അപാകതയെന്തെന്നു കോടതി
Tuesday, May 31, 2016 12:35 PM IST
കൊച്ചി: ജിഷ വധക്കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന പരാതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ ഉത്തരവിൽ അപകതയെന്തെന്നു ഹൈക്കോടതി ചോദിച്ചു. ജിഷ വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്‌ഥൻ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിർദേശിച്ചതിനെതിരേ കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവ് നൽകിയഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി.ബി. സുരേഷ്കുമാറിന്റെ നിരീക്ഷണം. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ജിഷ വധക്കേസിൽ അന്വേഷണം എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ശരിയായ ദിശയിൽ നടന്നുവരുന്ന സാഹചര്യത്തിൽ പോലീസ് കംപ്ലയിന്റ് അഥോറിറ്റി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐജി മഹിപാൽ യാദവ് ഹൈക്കോടതിയെ സമീപിച്ചത്. പോലീസിനെ വിമർശിക്കുന്ന തരത്തിലുള്ള മാധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ അഡ്വ. ബേസിൽ കുര്യാക്കോസ് നൽകിയ ഹർജിയിൽ റേഞ്ച് ഐജിയായ താനും മറ്റു പോലീസ് ഉദ്യോഗസ്‌ഥരും മേയ് 25 ന്നേരിട്ട് ഹാജരായി സ്റ്റേറ്റ്മെന്റ് എഴുതി നൽകാൻ പോലീസ് കംപ്ലയിന്റ് അഥോറിറ്റിചെയർമാൻ ഉത്തരവിട്ടിരുന്നുവെന്നു ഹർജിയിൽ പറയുന്നു.


എന്നാൽ, ഇത്തരമൊരു ഉത്തരവുനൽകാൻ അഥോറിറ്റിക്ക് അധികാരമില്ലെന്നും പോലീസ് അന്വേഷണത്തിനെതിരായ പരാതി തള്ളണമെന്നും വ്യക്‌തമാക്കി റിപ്പോർട്ട് നൽകി. ഇതു തള്ളിക്കളഞ്ഞ പോലീസ് കംപ്ലയിന്റ് അഥോററ്റിചെയർമാൻ ജൂൺ രണ്ടിന് ഹാജരാകാൻ കർശന നിർദേശം നൽകിയിരിക്കുകയാണ്. ഇത്തരമൊരുഅധികാരം പോലീസ് കംപ്ലയിന്റ് അഥോററ്റിക്ക് ഇല്ലെന്നിരിക്കെ അനാവശ്യമായ നിർദേശം തടയണമെന്നാണ് മഹിപാൽ യാദവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ജിഷ വധക്കേസിൽപുറത്തുവരുന്ന മാധ്യമ വാർത്തകൾ പലതും അടിസ്‌ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്‌ഥാനത്തിൽ നടപടിയെടുക്കാൻ പോലീസിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.