ഏഴുപേർക്ക് ജീവനേകിയ ഗോപകുമാർ ഓർമയായി
ഏഴുപേർക്ക് ജീവനേകിയ ഗോപകുമാർ ഓർമയായി
Tuesday, May 31, 2016 12:22 PM IST
കറുകച്ചാൽ: ഏഴുപേർക്കു ജീവനും ജീവിതവും നൽകി അകാലത്തിൽ പൊലിഞ്ഞ ഗോപകുമാറിന് (കണ്ണൻ–25)ജന്മഗ്രാമം കണ്ണീരോടെ വിടചൊല്ലി. അവയവദാനത്തിലൂടെ നന്മയുടെ ശേഷിപ്പുകൾ സമ്മാനിച്ച് കടന്നുപോയ കറുകച്ചാൽ ആരീക്കൽ ഗോപാലകൃഷ്ണൻനായരുടെയും സുശീലയുടെയും മകൻ ഗോപകുമാറിന്റെ സംസ്കാരത്തിൽ ഇന്നലെ നാട് ഒന്നു ചേർന്നു.

മരണശേഷം അവയവദാനത്തിലൂടെ ജനമനസുകളെ ജ്വലിപ്പിച്ച ഗോപകുമാറിന്റെ ഹൃദയവും വൃക്കകളും കരളും കണ്ണുകളും ശ്വാസകോശവും സ്വീകരിച്ചവരെല്ലാം കേരളത്തിലും ചെന്നൈയിലുമുള്ള ആശുപത്രികളിൽ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എല്ലാ ശസ്ത്രക്രിയകളും വിജയമായിരുന്നു.

നന്മയുടെ പൂക്കൾ സമ്മാനിച്ചു കടന്നുപോയ ഗോപകുമാറിനെ കൃതജ്‌ഞതയോടെ ഓർമിക്കുമ്പോഴും ഇദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തിക പിന്നോക്കാവസ്‌ഥയും ദുരിതങ്ങളും സമൂഹം അറിഞ്ഞിട്ടില്ല.അഞ്ച് സെന്റ് സ്‌ഥലവും പണിതീരാത്ത രണ്ടുമുറി വീടുമായിരുന്നു ഈ യുവാവിനുണ്ടായിരുന്നത്. ഒപ്പം ഭാരിച്ച സാമ്പത്തിക ബാധ്യതയും. രോഗിയായ മാതാപിതാക്കളുടെ ഏകമകനായിരുന്നു ഗോപകുമാർ.


ഒപ്പം സിന്ധു, ബിന്ദു, ഇന്ദു എന്നീ മൂന്നു സഹോദരിമാരുടെ ഏക സഹോദരനും. ബികോം ബിരുദധാരിയായിരുന്ന ഗോപകുമാർ കുടുംബം പോറ്റാൻ സ്വകാര്യ വിതരണ സ്‌ഥാപനത്തിൽ എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ചങ്ങനാശേരി– വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപം യൂടേൺ എടുത്ത കാറിനെ മറികടന്ന് എത്തിയ ബൈക്ക് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സമ്മതിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.