സംവിധായകൻ ഹൃദയംകൊണ്ടു ചാർത്തുന്ന കൈയ്യൊപ്പാണു സിനിമ: ജോൺ പോൾ
സംവിധായകൻ ഹൃദയംകൊണ്ടു ചാർത്തുന്ന കൈയ്യൊപ്പാണു സിനിമ: ജോൺ പോൾ
Tuesday, May 31, 2016 12:16 PM IST
കൊച്ചി: സംവിധായകൻ ഹൃദയം കൊണ്ടു ചാർത്തുന്ന കൈയ്യൊപ്പാണു സിനിമയെന്ന് തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനുമായ ജോൺ പോൾ. കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ സ്കോളർ ഇൻ കാമ്പസ് പ്രഭാഷണപരമ്പരയിൽ ’സിനിമയിലെ നവസങ്കേതങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ ഫിലിം ക്ലബ് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. സംവിധായകന്റെ മനസിൽ രൂപപ്പെടുന്ന സിനിമയാണു ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകനു മുമ്പിലെത്തുന്നത്. വീണ്ടും വീണ്ടും കാണുമ്പോൾ പുതിയ അർഥതലങ്ങൾ കണ്ടെത്താനും വ്യാഖ്യാനിക്കാനും കഴിയുമ്പോഴാണ് ഏറ്റവും പ്രേരണാശക്‌തിയുള്ള മാധ്യമമായ സിനിമ ഉദാത്തമാകുന്നത്.

സിനിമയിലെ നിയമങ്ങൾ ആപേക്ഷികമാണ്. ലംഘിക്കപ്പെടാൻ ചിട്ടപ്പെടുത്തിയിട്ടുള്ള അത്തരം നിയമങ്ങൾ, കൂടുതൽ ഭാവതീവ്രതയോടെ ചിത്രീകരിക്കപ്പെടാനായി മറ്റൊരാൾക്കു വേണ്ടി കാത്തുനില്ക്കുന്നു. പൊളിച്ചെഴുത്തിലൂടെയും കലാപങ്ങളിലൂടെയുമാണ് പ്രായംകൊണ്ടു ചെറുപ്പമായ ഈ മാധ്യമം മുന്നോട്ടു പോകുന്നത്. ജീവിതത്തിലെ ബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും സിനിമയിലും പരാമർശിക്കപ്പെടുന്നു. സാങ്കേതികവിദ്യ വളരുകയും നമ്മുടെ ചര്യകളിൽ മാറ്റം വരികയും ചെയ്തെങ്കിലും അടിസ്‌ഥാനജീവിതത്തിൽ മാറ്റമില്ല. ജീവിതത്തിന്റെ നേർക്കു സിനിമ എന്തു ചോദ്യമാണുയർത്തുന്നതെന്നു പ്രേക്ഷകനു വായിച്ചെടുക്കാൻ കഴിയണം. മാറ്റങ്ങൾക്ക് അനുമതി കൊടുത്തുകൊണ്ടു ജീവിതത്തെ തന്നെയാണ് അവർ വായിച്ചെടുക്കുന്നത് ജോൺ പോൾ പറഞ്ഞു.


ചടങ്ങിൽ അക്കാഡമി ചെയർമാൻ സെർജി ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അനിൽ കുമാർ, അസി. സെക്രട്ടറി കെ.ആർ. പ്രമോദ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ കെ. അജിത് എന്നിവർ പ്രസംഗിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. രാമചന്ദ്രൻ സ്വാഗതവും അധ്യാപിക കെ. ഹേമലത നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.