കളിമുറ്റത്ത് ഉയർന്നതു കൂട്ടനിലവിളികൾ
കളിമുറ്റത്ത് ഉയർന്നതു കൂട്ടനിലവിളികൾ
Monday, May 30, 2016 3:26 PM IST
പയ്യാവൂർ: രണ്ടുദിവസം മുമ്പ് കളിച്ചുനടന്ന തറവാട്ടുമുറ്റത്തേക്ക് അഞ്ചു കുട്ടികളുടെ ചേതനയറ്റ ശരീരങ്ങൾ ഓരോന്നായെത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ വിതുമ്പലുകൾ കൂട്ടനിലവിളിയായി. ചിലർ ബോധരഹിതരായി. തളർന്നുവീണവരെ കുട്ടികളുടെ മൃതദേഹങ്ങളുമായി വന്ന ആംബുലൻസിൽത്തന്നെ കൊണ്ടുപോകേണ്ട സ്‌ഥിതിയായിരുന്നു.

ശനിയാഴ്ചയാണ് തിരൂരിലെ ആക്കാപറമ്പിലെ തറവാട്ടുവീട്ടിൽനിന്നു ഒരിജയും സെഫാനും മാനികും അഖിലും ആയലും ഒരുകിലോമീറ്റർ അപ്പുറത്തുള്ള ചമതച്ചാൽ കണിയാർകടവിൽ കുളിക്കാൻ പോയത്. കയത്തിൽപ്പെട്ട് അഞ്ചു പേർക്കും ജീവൻ നഷ്‌ടമായി. നാടിനെ നടുക്കിയ ഈ ദുരന്തം കുട്ടികളുടെ അമ്മമാരെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അറിയിച്ചത്. അതുവരെ വീട്ടിൽ കുട്ടികളെയും കാത്തിരിക്കുകയായിരുന്നു അമ്മമാർ.

പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയ്ക്ക് 12.45ഓടെയാണ് തിരൂരിലെ ആക്കാപറമ്പിലെ സലിജന്റെ തറവാട്ടുവീട്ടിലേക്കു കൊണ്ടുവന്നത്. ഈ വീട്ടിൽനിന്നായിരുന്നു കുട്ടികൾ അഞ്ചുപേരും കണിയാർകടവിൽ കുളിക്കാൻ പോയത്. ആദ്യം സലിജൻ–ഷീജ ദമ്പതികളുടെ മക്കളായ ഒരിജ, സെഫാൻ എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിയത്. സലിജന്റെ സഹോദരൻ ബിനോയ്–മിനി ദമ്പതികളുടെ മകൻ മാനികിന്റെ മൃതദേഹം തറവാടുവീടിനു സമീപത്തുള്ള വീട്ടിലാണ് ആദ്യം പൊതുദർശനത്തിനു വച്ചത്.


സലിജന്റെ സഹോദരി അനിത–കുറ്റിക്കാട്ടിൽ ജോസ് ദമ്പതികളുടെ മക്കളായ അഖിലിന്റെയും ആയലിന്റെയും മൃതദേഹങ്ങൾ അവരുടെ വീട്ടിലെ പൊതുദർശനത്തിനുശേഷം സലിജന്റെ വീട്ടിലേക്കുകൊണ്ടുവന്നു. ഓരോരുത്തരുടെയും മൃതദേഹങ്ങൾ തറവാട്ടുവീട്ടിലേക്കു പ്രവേശിപ്പിക്കുമ്പോൾ അലമുറകളുയർന്നു. പ്രകൃതി മഴ കോരിച്ചൊരിഞ്ഞു ദുഃഖത്തിൽ പങ്കുചേർന്നു. ദേവാലയത്തിലേക്കു കൊണ്ടുപോകാൻ മൃതദേഹങ്ങൾ എടുക്കുമ്പോൾ നിലവിളികൾ അത്യുച്ചത്തിലായി. കരയുന്നവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചവരും കരച്ചിലിൽ മുങ്ങി.

തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലെ അന്ത്യകർമങ്ങൾക്കു ശേഷം പ്രത്യേകം സജ്‌ജമാക്കിയ കല്ലറയിൽ അഞ്ചുപേരുടെയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിക്കുമ്പോൾ കരഞ്ഞുതളർന്നപോലെ മഴ ശമിച്ചിരുന്നു. മലയോരം നിശബ്ദമായി കുരുന്നുകൾക്കു യാത്രാമൊഴിയേകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.