മുഖ്യമന്ത്രിയുടെ നിലപാട് സംസ്‌ഥാന താത്പര്യത്തിനു വിരുദ്ധം: ചെന്നിത്തല
മുഖ്യമന്ത്രിയുടെ നിലപാട് സംസ്‌ഥാന താത്പര്യത്തിനു വിരുദ്ധം: ചെന്നിത്തല
Monday, May 30, 2016 3:19 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സംസ്‌ഥാനത്തിന്റെ താത്പര്യത്തിനെതിരാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നു കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ്. സംസ്‌ഥാനത്തെ അഞ്ചു ജില്ലകളിലെ ജനങ്ങൾക്കു ഭയം കൂടാതെ ജീവിക്കാൻ പുതിയ ഡാം എന്ന ആവശ്യമാണുള്ളത്. എന്നാൽ, ഈ നിലപാടിൽനിന്നു മുഖ്യമന്ത്രി പെട്ടെന്നു മാറിയതു കേരളത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണ്. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ എതിർത്തു സംസ്‌ഥാന സർക്കാർ മുന്നോട്ടുപോവുന്നതു ശരിയല്ല. സർക്കാരിന്റെ മധുവിധു കാലത്തുതന്നെ ഇടതുമുന്നണിയിൽ കല്ലുകടി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.


ആതിരപ്പള്ളി വിഷയത്തിൽ പൊതുവായ ചർച്ചകൾ ആവശ്യമാണ്. ഇടതു വലതു മുന്നണികളിലെ പല നേതാക്കൾക്കും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പരിസ്‌ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തുവേണം പദ്ധതിയുമായി മുന്നോട്ടുപോവേണ്ടത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടുന്നതിനെ അനുകൂലിക്കില്ല.

ജസ്റ്റീസ് പരിപൂർണൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. എന്നാൽ, ചർച്ചകൾ ഒന്നുമില്ലാതെ പെട്ടെന്നു അതിൽ രൂപമാറ്റം വരുത്തുന്നതു ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.