ബിജെപി–ആർഎസ്എസ് യോഗത്തിൽ വിമർശനം
Monday, May 30, 2016 3:19 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് എൻഡിഎ മുന്നണി മികച്ച പ്രകടനം നടത്തിയെങ്കിലും സംഘടനാപരമായ പാളിച്ചകൾ വിജയതിളക്കത്തെ ബാധിച്ചതായി ആർഎസ്എസ് ബിജെപി നേതൃയോഗത്തിൽ വിമർശനം. ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റ് നേടാനായെന്നതു മാത്രമല്ല മത്സരിച്ചതിൽ മുപ്പതോളം മണ്ഡലങ്ങളിൽ 20000ത്തിലേറെ വോട്ടുകൾ സമാഹരിക്കാൻ സാധിക്കുകയും ചെയ്തു.

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യമാകാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാനും യോഗത്തിൽ ധാരണയായി.നിയമസഭയിലേക്ക്, ഏറ്റവും കുറഞ്ഞതു ജയസാധ്യതയുള്ള സീറ്റുകളിൽ നേട്ടം സാധ്യമാകാതെ പോയത് സംഘടനാപരമായ ദൗർബല്യം മൂലമാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എന്നാൽ, കൂടുതൽ വിമർശനങ്ങൾക്കു നിൽക്കാതെ സമവായത്തിന്റെ മാർഗമാണു യോഗത്തിൽ സംബന്ധിച്ചവർ കൈക്കൊണ്ടതെന്നാണു പുറത്തുവരുന്ന വിവരം. സംഘടനത്തിലെ പിഴവ് ഇരു കോണുകളിൽനിന്നും ഉണ്ടായി എന്നതിനാൽ ഏതെങ്കിലും ഒരു തലത്തിൽ മാത്രം ഊന്നിയുള്ളതായിരുന്നില്ല വിമർശനം.


തെരഞ്ഞെടുപ്പിനുശേഷം ആർഎസ്എസ്, ബിജെപി നേതാക്കൾ സംയുക്‌തമായി നടത്തിയ വിലയിരുത്തൽ യോഗത്തിൽ ഇരു സംഘടനകളുടേയും പ്രമുഖ നേതാക്കൾ സംബന്ധിച്ചു. കുമ്മനം രാജശേഖരന്റെയും വി. മുരളീധരന്റെയും സ്‌ഥാനാർഥിത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തെ കാര്യമായി ബാധിച്ചുവെന്ന വിലയിരുത്തലും ഉണ്ടായി. എന്നാലും കടുത്ത വിമർശനങ്ങളിലേക്കോ രൂക്ഷമായ തർക്കങ്ങളിലേക്കോ കടന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.