ഭക്ഷ്യസുരക്ഷാ നിയമം അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി പി. തിലോത്തമൻ
ഭക്ഷ്യസുരക്ഷാ നിയമം അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി പി. തിലോത്തമൻ
Monday, May 30, 2016 3:03 PM IST
ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം അടിയന്തരമായി നടപ്പാക്കുമെന്നു ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേന്ദ്ര സർക്കാർ മൂന്നു വർഷം മുമ്പ് നടപ്പാക്കിയ നിയമം സംസ്‌ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. തമിഴ്നാടും കേരളവുമുൾപ്പെടെ മൂന്നു സംസ്‌ഥാനങ്ങളാണ് ഇന്ത്യയിൽ ഭക്ഷ്യസുര ക്ഷാ നിയമം നടപ്പാക്കാനുള്ളത്.

തെരഞ്ഞെടുപ്പിനു ശേഷം തമിഴ്നാട് ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചു പരിഹരിക്കുമെന്നും പി. തിലോത്തമൻ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്തെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ റേഷൻ രംഗത്ത് നടമാടുന്ന അഴിമതി തുടച്ചുനീക്കാൻ കർശന നടപടികൾ സർക്കാർ സ്വീകരിക്കും. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിനെ ജനകീയമാക്കി ജനങ്ങൾക്കു ആവശ്യമായ സേവനങ്ങൾ പ്രധാനം ചെയ്യുന്ന തരത്തിലാക്കും. വിലക്കയറ്റമുണ്ടാകുമ്പോൾ സബ്സിഡി നല്കുകയല്ല, മറിച്ചു മാർക്കറ്റിൽ ഭക്ഷ്യധാന്യങ്ങളുടെ വില വർധനവ് അനുവദിക്കില്ലെന്നതാണ് സർക്കാർ നയം. സംസ്‌ഥാനത്ത് സിവിൽ സപ്ലൈസിനു കീഴിലുള്ള 940 മാവേലി സ്റ്റോറുകളും 380 ലാഭം മാർക്കറ്റുകളും 23 പീപ്പിൾസ് ബസാറുകളും ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങൾ ജനങ്ങൾക്ക് ന്യായമായ വിലയ്ക്കു ലഭ്യമാക്കും. ഇടനിലക്കാരില്ലാതെ നേരിട്ടുള്ള സംഭരണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആലപ്പുഴ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.എസ്. ഉ മേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതവും നിർവാഹക സമിതിയംഗം ടി.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.ജെ. ആഞ്ചലോസും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.