മഹാഗണിക്കു ഭീഷണിയായി അപൂർവയിനം കീടം
മഹാഗണിക്കു ഭീഷണിയായി  അപൂർവയിനം കീടം
Monday, May 30, 2016 3:03 PM IST
തളിപ്പറമ്പ്: മഹാഗണി പ്ലാന്റേഷനുകൾക്കു ഭീഷണിയായി അപൂർവയിനം കീടത്തെ കണ്ടെത്തി. കാസർഗോഡ്–കർണാടക അതിർത്തിയിലും പാലക്കാട്–തമിഴ്നാട് അതിർത്തിയിലെ ആനൈക്കട്ടിയിലുമാണു മഹാഗണി മരത്തിനു ഭീഷണിയായി മാറിയ കീടത്തെ ശാസ്ത്രജ്‌ഞർ കണ്ടെത്തിയിരിക്കുന്നത്.

ആനൈക്കട്ടിയിൽ ഒന്നരവർഷത്തോളം വളർച്ചയെത്തിയ മരങ്ങളുടെ കൊമ്പുകൾ വ്യാപകമായി ഒടിഞ്ഞു വീഴുന്നത് കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീബ്രീഡിംഗ് (ഐഎഫ്ജിടിബി) അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു പുതിയ കീടത്തെ കണ്ടെത്താനായത്. ആനൈക്കട്ടിയിൽ പത്തേക്കർ സ്‌ഥലത്തു മഹാഗണി പ്ലാന്റേഷൻ നടത്തുന്ന കർഷകനാണ് മഹാഗണി പ്ലാന്റേഷൻസ് ഇന്ത്യയിൽ വ്യാപകമാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്ന ഐഎഫ്ജിടിബിയെ സമീപിച്ചത്.

എന്റമോളജി വിഭാഗത്തിലെ ഡോ.എ.ബാലു, ഡോ.എം.വി.ദുരൈ, ഡോ.എ.കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണു മരത്തിന്റെ ഉൾക്കാമ്പ് തുരന്നുനശിപ്പിക്കുന്ന കീടത്തെ കണ്ടെത്തിയത്. ലോകത്തിലൊരിടത്തുനിന്നും മഹാഗണിയെ ബാധിക്കുന്ന ഇത്തരമൊരു കീടത്തെ കണ്ടെത്തിയിട്ടില്ലെന്നു സംഘത്തലവൻ ഡോ.എ.ബാലു പറഞ്ഞു. കർണാടക അതിർത്തിയിലെ മഹാഗണി തോട്ടങ്ങളിലും ഈ കീടത്തിന്റെ ആക്രമണം സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


തടിയിൽനിന്നും ശാഖകൾ പോകുന്ന സ്‌ഥലത്തു ചെറിയ ദ്വാരങ്ങൾ തുളച്ച് അകത്തുകടക്കുന്ന കറുത്ത നിറത്തിലുള്ള കീടം ഉൾക്കാമ്പ് തിന്നുനശിപ്പിക്കുകയും അതിനകത്തു തന്നെ മുട്ടയിട്ടു പെരുകുകയുമാണ്. അതിവേഗം വളരുന്ന ഇവ ഏതാനും ആഴ്ചകൾക്കകം തന്നെ ഏക്കറുകളോളം മരങ്ങൾ നശിപ്പിക്കാൻ ശേഷിയുള്ളവയാണെന്നും ഐഎഫ്ജിടിബിയിൽ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്.

എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഐഫ്ജിടിബി ഡയറക്ടർ അറിയിച്ചു. കേരളത്തിൽ മറ്റെവിടയെങ്കിലും ഈ കീടബാധ ശ്രദ്ധയിൽപ്പെട്ടാൽ 09445944288 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.