കദനത്തിൽ മുങ്ങി തിരൂർ ഗ്രാമം; മുങ്ങിമരിച്ച കുട്ടികൾക്കു കണ്ണീർ പ്രണാമം
കദനത്തിൽ മുങ്ങി തിരൂർ ഗ്രാമം; മുങ്ങിമരിച്ച കുട്ടികൾക്കു കണ്ണീർ പ്രണാമം
Monday, May 30, 2016 3:03 PM IST
പയ്യാവൂർ(കണ്ണൂർ): ചമതച്ചാൽ കണിയാർകടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ബന്ധുക്കളായ അഞ്ചു കുട്ടികൾക്കു മലയോരത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അകാലത്തിൽ പൊലിഞ്ഞ കുരുന്നുകൾക്കു യാത്രാമൊഴിയേകാൻ സഹപാഠികളടക്കം പതിനായിരങ്ങളാണു മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ച സ്കൂളുകളിലേക്കും വീടുകളിലേക്കും പള്ളിയിലേക്കും ഇടയ്ക്കിടെ പെയ്യുന്ന മഴയെ വകവയ്ക്കാതെ ഒഴുകിയെത്തിയത്. അന്ത്യാഞ്ജലിയർപ്പിക്കവേ കണ്ണീരടക്കാനാവാതെ ആളുകൾ വിതുമ്പിക്കരയുകയായിരുന്നു.

ശനിയാഴ്ച മുങ്ങിമരിച്ച തിരൂരിലെ ആക്കാപറമ്പിൽ സലിജൻ– ഷീജ ദമ്പതികളുടെ മക്കളായ ഒരിജ(13), സെഫാൻ (ഏഴ്), സലിജന്റെ സഹോദരൻ ബിനോയ്–മിനി ദമ്പതികളുടെ മകൻ മാനിക് (13), സലിജന്റെ സഹോദരി അനിത–കുറ്റിക്കാട്ടിൽ ജോസ് ദമ്പതികളുടെ മക്കളായ അഖിൽ (14), ആയൽ (12) എന്നിവരുടെ മൃതദേഹങ്ങൾ തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഒരേ കല്ലറയിലാണു സംസ്കരിച്ചത്.

പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ പതിനൊന്നോടെ ഒരിജ, സെഫാൻ എന്നിവർ പഠിക്കുന്ന പയ്യാവൂർ സെന്റ് ആൻസ് സ്കൂളിലും തുടർന്ന് മാനിക്, അഖിൽ, ആയൽ എന്നിവർ പഠിക്കുന്ന പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനു വച്ചു. ആദ്യം പൊതുദർശനത്തിനുവച്ച പയ്യാവൂർ സെന്റ് ആൻസ് സ്കൂളിലേക്ക് രാവിലെ മുതൽ ജനങ്ങൾ എത്തി തുടങ്ങിയിരുന്നു. മൃതദേഹങ്ങളുമായി ആംബുലൻസുകളെത്തിയപ്പോഴേക്കും സ്കൂൾ അങ്കണവും പരിസരവും ജനനിബിഡമായിരുന്നു.

സഹപാഠികൾ സ്കൂൾ യൂണിഫോമിൽ പൂക്കളുമായാണു തങ്ങളുടെ കൂട്ടുകാരെ അവസാനമായി കാണാനെത്തിയത്. സ്കൂളിലെ ബാൻഡ് സംഘം ശോകബാൻഡ് വായിച്ച് അന്തിമോപചാരമർപ്പിച്ചു. സ്കൂളിൽനിന്നു മൃതദേഹങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ചപ്പോഴേക്കും തിരൂർ ഗ്രാമം മനുഷ്യസാഗരമായി. അലമുറകളോടെയാണു തങ്ങളുടെ പൊന്നോമനകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്.

അഞ്ചുപേരുടെയും വീടുകളിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹങ്ങൾ സലിജന്റെ വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തി. വീട്ടിലെ അന്ത്യകർമങ്ങൾക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിച്ചു. തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലേക്ക് വിലാപയാത്രയായാണു മൃതദേഹങ്ങൾ എത്തിച്ചത്. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സംസ്കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

പതിനഞ്ച് അടി നീളവും ആറര അടി വീതിയിലുമായി പ്രത്യേകം സജ്‌ജമാക്കിയ കല്ലറയിലാണ് അഞ്ചുപേരുടെയും അന്ത്യനിദ്ര. പിഞ്ചുകുട്ടികളുടെ ദാരുണമായ മരണത്തിൽ അനുശോചിച്ചു പയ്യാവൂർ, പടിയൂർ–കല്യാട് പഞ്ചായത്തുകളിൽ കടകളടച്ച് ഇന്നലെ സർവകക്ഷി ആഹ്വാനപ്രകാരം ഹർത്താൽ ആചരിച്ചു.

<ആ>ജീവനോടെ ഇവർ പിറന്നുവീണത് എന്റെ കൈകളിലേക്കായിരുന്നു”


പയ്യാവൂർ: ‘ജീവനോടെ ഇവർ പിറന്നുവീണത് എന്റെ കൈകളിലേക്കായിരുന്നു... എനിക്ക് ഇവരുടെ ജീവനറ്റ ശരീരങ്ങൾ കാണേണ്ട’– പയ്യാവൂർ മേഴ്സി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സിസ്റ്റർ ശാന്തി പരിസരം മറന്നു വിതുമ്പിക്കരയുകയായിരുന്നു. തിരൂരിലെ ആക്കാപറമ്പിൽ സലിജൻ– ഷീജ ദമ്പതികളുടെ മക്കളായ ഒരിജ, സെഫാൻ, സലിജന്റെ സഹോദരി ബിനോയ്–മിനി ദമ്പതികളുടെ മകൻ മാനിക് എന്നിവരുടെ ജനനം ഡോ. സിസ്റ്റർ ശാന്തിയുടെ ആശുപത്രിയിലായിരുന്നു. സലിജന്റെ സഹോദരി അനിത–കുറ്റിക്കാട്ടിൽ ജോസ് ദമ്പതികളുടെ മക്കളായ അഖിൽ, ആയൽ എന്നിവരുടെ പ്രസവത്തിനു മുമ്പുള്ള ശുശ്രൂഷുകളും സിസ്റ്റർ ശാന്തിയായിരുന്നു നോക്കിയിരുന്നത്. കൂടാതെ സിസ്റ്ററിന്റെ വീടും ഇവരുടെ വീടിനു സമീപമാണ്. തിരൂരിലുള്ള വീട്ടിൽ പോകുന്ന വഴിക്ക് അഞ്ചു കുട്ടികളെയും താൻ കാണാറുണ്ടായിരുന്നതായി സിസ്റ്റർ പറയുന്നു. വഴിയിലൂടെ സൈക്കിൾ ചവിട്ടുന്ന ഇവരോട് താൻ പലപ്പോഴും സൂക്ഷിക്കണമെന്നു പറയാറുണ്ടായിരുന്നുവെന്നും സിസ്റ്റർ ഓർക്കുന്നു.

കോട്ടയത്തായിരുന്ന സിസ്റ്റർ കുട്ടികളുടെ മരണവാർത്തയറിഞ്ഞ് ഇന്നലെ രാവിലെയാണ് പയ്യാവൂരിൽ എത്തിയത്. പയ്യാവൂർ സെന്റ് ആൻസ് സ്കൂളിൽ കുട്ടികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചങ്കിലും മൃതദേഹങ്ങൾ കാണാതെ സ്കൂളിന്റെ വരാന്തയിൽ ഇരുന്നു വിതുമ്പുകയായിരുന്നു സിസ്റ്റർ ശാന്തി.

<ആ>വിതുമ്പിക്കരഞ്ഞു കൂട്ടുകാർ

പയ്യാവൂർ: മധ്യവേനലവധി കഴിഞ്ഞു നാളെ സ്കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പിട്ടു തങ്ങളോടൊപ്പം ഒരിജയും സെഫാനുമുണ്ടാവില്ലല്ലോ എന്ന് ഓർത്തപ്പോൾ സഹപാഠികളായ ജാനറ്റിനും ഐബിഷിനും കരച്ചിലടക്കാനായില്ല. ഉറ്റകൂട്ടുകാരുടെ ചേതനയറ്റ ശരീരം ഇന്നലെ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ മുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ ജാനറ്റും ഐബിഷും ഒരുനോക്കു കണ്ടശേഷം വിതുമ്പലടക്കാനാവാതെ സ്കൂളിനകത്തേക്കോടി. ക്ലാസ് അധ്യാപികമാരായ ഷമില തോമസും സി.വി. ലതയും ഏറെ പണിപ്പെട്ടാണ് ഇരുവരെയും ആശ്വസിപ്പിച്ചത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ31ുമ്യ്യിീീൃബറലമവേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഇവരുടെ സുഹൃത്തുക്കളായ മരിച്ച ഒരിജ ഏഴാം ക്ലാസിലേക്കും സഹോദരൻ സെഫാൻ രണ്ടാംക്ലാസിലേക്കുമാണു വിജയിച്ചത്. ചിരിക്കുന്ന മുഖവുമായാണ് ഒരിജ എപ്പോഴും സ്കൂളിലേക്കു വരാറുള്ളതെന്നു സഹപാഠികളായ നന്ദനയും അർച്ചനയും ട്രീസയും ആൻലിയയും ഓർക്കുന്നു.

പഠനത്തിൽ എന്നും ഒന്നാമതായിരുന്ന ഒരിജ പാഠ്യേതര മേഖലയിലും മുൻപന്തിയിലായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ നൃത്തത്തിലും കവിതാലാപനത്തിലും ഒരിജയ്ക്കായിരുന്നു മിക്കപ്പോഴും ഒന്നാംസ്‌ഥാനം. ഡിസിഎലിന്റെ ക്ലാസ് ലീഡറായിരുന്ന ഒരിജ ഡിസിഎൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലും മറ്റു പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നതായി ഡിസിഎൽ മേഖലാ കോ–ഓർഡിനേറ്റർ പ്രീതി ചാക്കോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.