കെ.പി. നൂറുദീന് നാടിന്റെ വിട
കെ.പി. നൂറുദീന് നാടിന്റെ വിട
Monday, May 30, 2016 3:03 PM IST
കണ്ണൂർ: അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. നൂറുദീനു നാടിന്റെ ആദരാഞ്ജലി. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന നൂറുദീൻ സാഹിബിന്റെ മൃതദേഹം പഴയങ്ങാടിയിലെ പുതിയങ്ങാടി ഹൈദ്രോസ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഞായറാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്ത്യംസംഭവിച്ച നൂറുദീന്റെ മൃതദേഹം ഇന്നലെ രാവിലെ ജില്ലാ അതിർത്തിയായ മാഹി പാലത്തിൽ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുവാങ്ങി.

കണ്ണൂർ മഹാത്മാമന്ദിരത്തിൽ 9.30 മുതൽ 11.15 വരെയും തുടർന്നു പയ്യന്നൂർ ഗാന്ധിപാർക്കിലും പൊതുദർശനത്തിനുവച്ചശേഷം 2.30 ഓടെ പഴയങ്ങാടിയിലെ തറവാട്ടുവീട്ടിലെത്തിച്ചു. വൈകുന്നേരം 4.30 ഓടെയായിരുന്നു കബറടക്കം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ.കെ. ശൈലജ, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുൻമന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.സി. ജോസഫ്, എം.എം. ഹസൻ, പി.സി. ചാക്കോ, കെ. സുധാകരൻ, എംപിമാരായ കെ.സി. വേണുഗോപാൽ, പി.കെ. ശ്രീമതി, നിയുക്‌ത എംഎൽഎ സണ്ണി ജോസഫ്, ബെന്നി ബെഹനാൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, മുസ്ലിംലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവി, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ടി. ജോസ്, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പോണാട്ട്, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാൻ എടയാടിയിൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചവരിൽപ്പെടുന്നു.

<ആ>അന്ത്യാഞ്ജലിയർപ്പിക്കാൻ പതിനായിരങ്ങൾ

കണ്ണൂർ: കെ.പി. നൂറുദീന്റെ സംസ്കാര ചടങ്ങുകളിലും മൃതദേഹം പൊതുദർശനത്തിനുവച്ച കേന്ദ്രങ്ങളിലും അന്തിമോപചാരമർപ്പിക്കാനെത്തിയത് ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട പതിനായിരങ്ങൾ. തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണു പ്രധാനമായും മൃതദേഹം പൊതുദർശനത്തിനുവച്ചത്. ഇവിടങ്ങളിലും കബറടക്കം നടന്ന പഴയങ്ങാടിയിലെ പുതിയങ്ങാടി ഹൈദ്രോസ് പള്ളിയിലും തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ ആളുകൾ ഒഴുകിയെത്തി. ഏറെനേരം ക്യു നിന്നാണ് മിക്കവരും ആദരാഞ്ജലിയർപ്പിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, എംപിമാരായ കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, എം.എം. ഹസൻ, പി.സി. ചാക്കോ, ബെന്നി ബെഹന്നാൻ, കെ. സുധാകരൻ തുടങ്ങി നിരവധി പ്രമുഖർ പഴയങ്ങാടിയിലെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.


കെപിസിസി ജനറൽ സെക്രട്ടറിമാരായ സതീശൻ പാച്ചേനി, പി. രാമകൃഷ്ണൻ, സജീവ് ജോസഫ്, മുസ്ലിംലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവി, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ടി. ജോസ്, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പോണാട്ട്, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാൻ എടയാടിയിൽ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്, സി.എൻ. ചന്ദ്രൻ, വി.പി. വമ്പൻ, എ.ഡി. മുസ്തഫ, മാർട്ടിൻ ജോർജ്, കെ.എൻ. ജയരാജ്, കെ. പ്രമോദ്, ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി, സാജിദ് മൗവ്വൽ, കെ.പി. താഹിർ, അൻസാരി തില്ലങ്കേരി, പി.കെ. രാഗേഷ്, ഖാദിബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സുരേഷ് ബാബു, ഹരിദാസ് മൊകേരി, പി.കെ. സതീശൻ, സന്തോഷ് കണ്ണംവള്ളി, രാജേഷ് കരിയാട് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.

<ആ>സത്യസന്ധത പുലർത്തിയ നേതാവ്: ഉമ്മൻ ചാണ്ടി

കണ്ണൂർ: രാഷ്ട്രീയരംഗത്തും വ്യക്‌തിജീവിതത്തിലും സത്യസന്ധത പുലർത്തിയ വ്യക്‌തിയായിരുന്നു കെ.പി. നൂറുദീനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ നേതാവിനപ്പുറം തനിക്ക് അദ്ദേഹം ജ്യേഷ്ഠസഹോദരനായിരുന്നു. കെഎസ്യുവിൽ പ്രവർത്തിക്കുന്ന കാലം മുതൽ അടുത്തു പരിചയമുണ്ട്. ആത്മാർഥതയുള്ള സത്യസന്ധനായ ഭരണാധികാരികൂടിയായിരുന്നു നൂറുദീൻ. അദ്ദേഹത്തിന്റെ ആത്മാർഥതയെ ഒരാൾക്കുപോലും ചോദ്യംചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

<ആ>സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം: സുധീരൻ

കണ്ണൂർ: സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു കെ.പി. നൂറുദീനെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സഹോദരതുല്യനായിരുന്ന നൂറുദീനുമായി വിദ്യാർഥി യൂണിയനിൽ പ്രവർത്തിക്കുന്ന കാലം മുതൽ അടുപ്പമുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ തികഞ്ഞ ആത്മാർഥതയോടും സത്യസന്ധതയോടും കൂടിയാണ് നിർവഹിച്ചിരുന്നത്. നിയമസഭയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് എല്ലാവരുടെയും സ്നേഹാദരങ്ങൾ ആർജിക്കാൻ സാധിച്ചു. വിവാദങ്ങളിൽപ്പെടാത്ത വ്യക്‌തിജീവിതമായിരുന്നു കെ.പി. നൂറുദീന്റേത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ വന്നപ്പോൾ തന്റെ കൈപിടിച്ചു യാത്രയാക്കിയത് വേദനയോടെ ഓർക്കുന്നുവെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.