ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരിമാരുടെ സംസ്കാരം ഇന്ന്
Monday, May 30, 2016 2:44 PM IST
ഏറ്റുമാനൂർ: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരിമാരായ അഞ്ജുവിന്റെയും ആശയുടെയും സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30ന് കാണക്കാരി സബ്സ്റ്റേഷനു സമീപമുള്ള പ്ലാപ്പള്ളിൽ വീട്ടിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് മൃതദേഹങ്ങൾ പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും.

സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ഇന്നലെ രാവിലെ ഡൽഹി എയർപോർട്ടിൽ മൃതദേഹങ്ങൾ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നു പുലർച്ചെ എത്തിയ മൃതദേഹങ്ങൾ രാവിലെ ഏഴോടെ വീട്ടിൽ കൊണ്ടുവരും.

കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി) വിന്റെയും ആലീസിന്റെയും നാലു മക്കളിൽ ഇളയവരാണ് മരിച്ച അഞ്ജുവും ആശയും. അഞ്ചുവർഷം മുമ്പ് അഞ്ജുവാണ് ആദ്യം ഓസ്ട്രേലിയയിൽ എത്തിയത്. അവിടെ നഴ്സിംഗ് പഠിച്ചശേഷം ബ്രിസ്ബേനിലെ മേഴ്സി ഹെൽത്ത്–സിൻസിനാറ്റി ഗ്രൂപ്പിൽ ജോലിയിൽ പ്രവേശിച്ചു. പിന്നാലെ മൂത്ത സഹോദരിമാരായ എബിയെയും അനുവിനെയും കൊണ്ടുപോയി. അവരും അവിടെ നഴ്സുമാരായി ജോലി ചെയ്യുന്നു.


പ്ലസ് ടു പാസായ ഇളയ സഹോദരി ആശയെ രണ്ടുമാസം മുമ്പാണ് നഴ്സിംഗ് പഠനത്തിനായി ഓസ്ട്രേലിയയിൽ കൊണ്ടുപോയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നായിരുന്നു അപകടം. മൂത്ത സഹോദരി അനുവിനെ ജോലി സ്‌ഥലത്താക്കിയശേഷം മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.