കണ്ണീർചിത്രമായി ജാനറ്റ് മറഞ്ഞു
കണ്ണീർചിത്രമായി ജാനറ്റ് മറഞ്ഞു
Monday, May 30, 2016 2:44 PM IST
അങ്കമാലി: ജർമനിയിൽ ഭർത്താവ് കൊലപ്പെടുത്തിയ ജാനറ്റിന്റെ സംസ്കാരം ഇന്നലെ ജർമനിയിലെ ഡ്യൂയിസ് ബുർഗിൽ നടന്നു. രാവിലെ 9.30ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ദിവ്യബലിയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് 11നായിരുന്നു സംസ്കാരം. ജാനറ്റിന്റെ ആത്മശാന്തിക്കായി അതേസമയത്തു തന്നെ മാതൃഇടവകയായ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. ദിവ്യബലിയും സെമിത്തേരിയിലെ കുടുംബകല്ലറയിൽ ഒപ്പീസും ഉണ്ടായിരുന്നു.

ബസിലിക്ക റെക്ടർ റവ.ഡോ.കുര്യാക്കോസ് മുണ്ടാടൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൊല്ലപ്പെട്ട ജാനറ്റിന്റെ ചിത്രം കല്ലറയിൽ പൂക്കളാൽ അലങ്കരിച്ചുവച്ചിരുന്നു. ബസിലിക്കയിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും പിതാവ് സെബാസ്റ്റ്യന്റെയും മാതാവ് റീത്തയുടെയും അടുത്ത സുഹൃത്തുക്കളും അയൽവാസികളും പങ്കെടുത്തു. സെബാസ്റ്റ്യന്റെ അമേരിക്കയിലുള്ള സഹോദരൻ ജോസ്, വെള്ളിക്കുളങ്ങരയിലുള്ള സഹോദരി അൽഫോൺസ, റീത്തയുടെ സഹോദരി സിസ്റ്റർ തെയോഫിൻ(ഇരിങ്ങാലക്കുട മഠം)എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സെബാസ്റ്റ്യന്റെ സഹോദരി അൽഫോൺസ ജാന റ്റിന്റെ ചിത്രത്തിനരികിലിരുന്ന് വാവിട്ട് കരഞ്ഞു. ജാനറ്റിന്റെ മൃത ശരീരം പോലും അവസാനമായി ഒരുനോക്കു കാണാൻ കഴിയാഞ്ഞതിന്റെ നൊമ്പരവുമായാണ് ചടങ്ങിനെത്തിയവർ സെമിത്തേരി വിട്ടത്.


മുൻ മന്ത്രിമാരായ കെ. ബാബു, ജോസ് തെറ്റയിൽ, നിയുക്‌ത എംഎൽഎ റോജി എം.ജോൺ, അങ്കമാലി നഗരസഭ വൈസ് ചെയർമാൻ ബിജു പൗലോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി എന്നിവർ പള്ളിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ജാനറ്റും ജർമൻകാരനായ റെനെയും തമ്മിലുള്ള വിവാഹം നടന്നത് അങ്കമാലി ബസിലിക്കയിലാണ്. അങ്കമാലി ബസിലിക്കയ്ക്കു സമീപമാണ് സെബാസ്റ്റ്യന്റെ വീട്. ഈ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. 30 വർഷത്തിലേറെയായി സെബാസ്റ്റ്യനും കുടുംബവും ജർമനിയിലാണ്. ജാനറ്റ് ജനിച്ചതും വളർന്നതുമെല്ലാം ജർമനിയിലാണ്. ജാനറ്റിനെ ഭർത്താവ് റെനെ കൊലപ്പെടുത്തി വീടിനു പിന്നിലെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. 37 ദിവസത്തിനു ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജാനറ്റിന്റെ പണം ജാനറ്റ് അറിയാതെ ബാങ്കിൽ നിന്നും പിൻവലിച്ച് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരുടെ എട്ടു മാസം പ്രായമുള്ള മകൾ ഇപ്പോൾ ജർമൻ സർക്കാരിന്റെ സംരക്ഷണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.