കെഎസ്യു പ്രമേയം: കോൺഗ്രസിൽ അടിമുടി മാറ്റം വേണം
Monday, May 30, 2016 2:44 PM IST
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിമുടി മാറ്റം ഉണ്ടാവണമെന്നു കെഎസ്യു 59–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രവർത്തക യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. വ്യക്‌തിപൂജയോ വ്യക്‌തികളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളോകൊണ്ട് പാർട്ടി രക്ഷപ്പെടില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

രണ്ടാംനിര യുവ നേതൃത്വം കെട്ടിപ്പടുത്താൽ മാത്രമേ ഈ തകർച്ചയിൽനിന്നു കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയൂ. കെഎസ്യു അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർഥി, യുവജന പ്രസ്‌ഥാനങ്ങളെ അവഗണിച്ചതിനും ചില നേതാക്കളുടെ സ്തുതിപാഠകരാക്കി മാറ്റിയതിനും ലഭിച്ച തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

കെഎസ്യുവിനെയും യൂത്ത് കോൺഗ്രസിനെയുമൊക്കെ അവജ്‌ഞയോടെ കാണുകയും പരിഹസിക്കുകയും ചെയ്ത പല നേതാക്കളും ഇത്തവണ പരാജയം രുചിച്ചു. കോൺഗ്രസിനു സമ്പൂർണ പരാജയം സംഭവിച്ച ജില്ലകളിലെ പാർട്ടി നേതൃത്വം ഉടൻ പിരിച്ചുവിടണം. ഇവിടങ്ങളിൽ യുവനേതാക്കളെ ഉൾപ്പെടുത്തി സംഘടനാ സംവിധാനം താഴെത്തട്ട് മുതൽ ശക്‌തിപ്പെടുത്തണം.

ബിജെപിയുടെ വർഗീയ അജൻഡ തുറന്നു കാട്ടുന്നതിലും തുറന്നെതിർക്കുന്നതിലും കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. വർഗീയ ഫാസിസ്റ്റ് ശക്‌തികളെ ശക്‌തമായി എതിർക്കുന്നു എന്ന തോന്നൽ പോലും ജനങ്ങളിൽ ഉണ്ടാക്കാൻ സംസ്‌ഥാനത്തെ പാർട്ടി നേതൃത്വത്തിനു കഴിയാതെ പോയി. വിദ്യാർഥി, യുവജന പ്രസ്‌ഥാനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും ചർച്ചകൾ സംഘടിപ്പിക്കുന്നതിനു മാർഗനിർദേശം നൽകുന്നതിനുമൊന്നും പാർട്ടി നേതൃത്വം ശ്രമിച്ചില്ല.


പ്രധാന നേതാക്കൾ തമ്മിലുള്ള ഈഗോയും കൂടുതൽ ആദർശധീരൻ ആരെന്ന മത്സരവും ഒക്കെ പരാജയത്തിന് കാരണമായപ്പോൾ യുഡിഎഫ് സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. സർക്കാരിന്റെ കാരുണ്യ, ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും ജനങ്ങളിലെത്തിയില്ല. കേരളം വിൽപ്പനയ്ക്കു വച്ചിരിക്കുന്നു എന്ന ഇടത് ആരോപണം പ്രതിരോധിക്കുന്നതിൽ സർക്കാരും കോൺഗ്രസും പരാജയപ്പെട്ടു.

വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം നേടിയ വി.ഡി. സതീശനെ അഭിവാദ്യം ചെയ്യുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അവസാന മന്ത്രിസഭയുടെ തീരുമാനങ്ങളും വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ മദ്യനയവും തിരിച്ചടിയെന്നു നേതൃത്വം ഇനിയെങ്കിലും സമ്മതിക്കണം.

കേരള ചരിത്രത്തിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടിയെ രേഖപ്പെടുത്താതിരിക്കണമെങ്കിൽ പാർട്ടി നേതൃത്വം യാധാർഥ്യങ്ങൾ ഉൾക്കൊള്ളുകയും അത് തുറന്നു പറയുകയും വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എറണാകുളം മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.വി. കിഷോർ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പ്രവർത്തകയോഗം അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.