അമേരിക്കൻ മലയാളിയുടെ കൊലപാതകം: ശരീരഭാഗങ്ങൾ കണ്ടെത്തി; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി
അമേരിക്കൻ മലയാളിയുടെ കൊലപാതകം: ശരീരഭാഗങ്ങൾ കണ്ടെത്തി; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി
Monday, May 30, 2016 4:29 AM IST
ചെങ്ങന്നൂർ: അമേരിക്കൻ പൗരത്വമുള്ള ചെങ്ങന്നൂർ സ്വദേശിയെ മകൻ വെടിവെച്ച് കൊന്ന സംഭവത്തിൽ ശരീരഭാഗങ്ങൾ ചങ്ങനാശേരിയിൽ നിന്നും ചിങ്ങവനത്തു നിന്നുമായി കണ്ടെത്തി. ഞായറാഴ്ച ചെങ്ങന്നൂർ വാഴാർ മംഗലത്ത് ഉഴത്തിൽ ജോയി പി. ജോസഫിന്റെതെന്നു കരുതുന്ന ഇടതുകൈ പാണ്ടനാട് ഇടക്കടവിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉടൽ ചങ്ങനാശേരി ബൈപ്പാസിനു സമീപത്തു നിന്നും തല ചിങ്ങവനം പോലീസ് സ്റ്റേഷന് തെക്ക് ഭാഗത്ത് എംസി റോഡിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഷെറിൻ ഈ കാര്യങ്ങളൊക്കെ പോലീസിനോട് പറഞ്ഞത്. രാവിലെ തന്നെ പോലീസ് സ്‌ഥലത്തെത്തി ഇവ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 25ന് ആഡംബര കാർ സർവീസിംഗിന് കൊടുക്കാനായി പോയ ഇവരെ കാണാതായി എന്ന ജോയിയുടെ ഭാര്യയുടെ പരാതിയിൻ മേലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. രാവിലെ കാർ നന്നാക്കാനായി പോയ ഇവർ ഇത് നടക്കാത്തതിനെ തുടർന്ന് 12.30 ഓടെ തിരുവന്തപുരത്തുനിന്നും നാട്ടിലേക്ക് തിരിച്ചിരുന്നു. പിന്നീട് 4.30ഓടെ ഭാര്യ മറിയാമ്മ ജോയിയെ ബന്ധപ്പെട്ടപ്പോൾ മുളക്കുഴയെത്തിയെന്ന് അറിയിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാത്രിയോടെ ഷെറിൻ വീട്ടിലേക്ക് വിളിച്ച് മാതാവിനോട് താൻ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള ഉഴത്തിൽ ബിൽഡിംഗ്സിൽ നിന്ന് മാംസം കത്തിച്ചതിന്റെ ഭാഗങ്ങളും തുണികഷ്ണങ്ങളും ജോയിയുടെ ചെരുപ്പും ഷർട്ടിലെ ബട്ടൻസും മറ്റും കണ്ടെത്തിയിരുന്നു. ഷെറിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഷെറിൻ കോട്ടയത്തു നിന്ന് പിടിയിലാകുകയായിരുന്നു. ഷെറിൻ സഞ്ചരിച്ചിരുന്ന സ്കോഡാകാറും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോട്ടയത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിനിടെ ഇവർ തമ്മിൽ മുളക്കഴയിൽ വെച്ച് വാക്കുതർക്കമുണ്ടായിയെന്നും ഇതിനെ തുടർന്ന് ജോയി ഷെറിനു നേരെയെടുത്ത തോക്ക് ഷെറിൻ പിടിച്ചുമേടിച്ച് കാറിനുള്ളിൽ വെച്ച് ജോയിയെ വെടിവെച്ചു വീഴ്ത്തുകയും. മൃതദേഹവുമായി ടൗണിൽ കറങ്ങിനടന്ന ശേഷം ഗോഡൗണിലെത്തിച്ച് മൃതശരീരം കത്തിച്ച്. കൈയ്യും കാലും മുറിച്ച് ചാക്കുകെട്ടിലാക്കി നദിയിലൊഴുക്കുകയുമാണെന്ന് ചെയ്തതെന്നാണ് ഷെറിൻ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കാരണമായത് പിതാവിന്റെ വഴിവിട്ട ജീവിതവും സ്വത്തുതർക്കവുമാണെന്ന് ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു.


ഷെറിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മുളക്കുഴയിൽ കാറിനുള്ളിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നുള്ളതും. പിന്നീട് അത് മാറ്റി ഗോഡൗണിൽ വെച്ചാണ് കൃത്യം നിർവഹിച്ചെന്നു പറഞ്ഞതും ചാക്കിൽ കെട്ടി മൃതദേഹം ഒഴുക്കികളഞ്ഞെന്നു പറഞ്ഞശേഷം ശരീരം വെട്ടിമുറിച്ചാണ് ഒഴുക്കിയതെന്നും പറഞ്ഞതുമൊക്കെയാണ് പോലീസിനെ കുഴക്കുന്നത്. ഗോഡൗണിന്റെ ഇടനാഴിയിൽ രക്‌തം തെറിച്ചിരിക്കുന്നതായ് കണ്ടതും കാറിലെ രക്‌തകറകളും പോലീസിനെ കുഴയ്ക്കുകയാണ്. ഇത് ആസുത്രിതമായ കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഷെറിന് മലയാളം സംസാരിക്കാനറിയാത്തതും ചോദ്യം ചെയ്യലിനെ ബാധിക്കുന്നുണ്ട്. ഷെറിന്റെ മാതാവായ മറിയാമ്മയേയും സഹോദരൻ ഡേവിഡിനേയും പോലീസ് ചോദ്യം ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹത്തിന്റെ ഇടതു കൈയ്യുടെ ഭാഗം പാണ്ടനാട് ഇടക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇത് ജോയിയുടേതാണെന്നാണ് പോലീസിന്റെ നിഗമനം. മുങ്ങൽ വിദഗ്ധർ ഷെറിൻ പറഞ്ഞ പലഭാഗങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കാണാനായിരുന്നില്ല. എന്നാൽ ഞായറാഴ്ച രാത്രിയോടെ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി ചങ്ങനാശേരിയിലും ചിങ്ങവനത്തുമായി ശരീരഭാഗങ്ങൾ തള്ളിയിട്ടുണ്ടെന്ന് വ്യക്‌തമാക്കിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.