വീൽചെയറിലിരുന്നും ജീവിതത്തെ സ്വപ്നം കണ്ട് സുരേഷും മഞ്ജുവും
വീൽചെയറിലിരുന്നും ജീവിതത്തെ സ്വപ്നം കണ്ട് സുരേഷും മഞ്ജുവും
Sunday, May 29, 2016 12:45 PM IST
<ആ>സ്വന്തം ലേഖകൻ

തളിപ്പറമ്പ്: വീൽചെയറിലാണെങ്കിലും ജീവിതം ഇരുന്നു തീർക്കേണ്ടതല്ലെന്നു സ്വയം തെളിയിക്കുകയാണ് അടുത്തിലയിലെ തറമ്മൽ സുരേഷും കൊടുങ്ങല്ലൂരിലെ പി.എ.മഞ്ജുവും. രണ്ടുപേരും വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവരാണെങ്കിലും ഇന്നലെ തളിപ്പറമ്പിനടുത്ത അടുത്തില രാമപുരം ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. 1999 ഏപ്രിൽ 10ന് തെങ്ങുകയറ്റത്തിനിടയിൽ താഴെ വീണതോടെയാണു സുരേഷിന്റെ ജീവിതം വീൽചെയറിലായത്. നീണ്ട 17 വർഷത്തിനു ശേഷമാണു സ്വന്തം പോരായ്മകളോടു പോരാടി ഈ യുവാവ് കുടുബജീവിതത്തിലേക്കു കടക്കുന്നത്. ജന്മനാ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്നാണ് മഞ്ജു വീൽചെയറിലായത്.

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ സംഘടനയായ ഫ്ളൈ 2011ൽ പയ്യന്നൂരിൽ നടത്തിയ ക്യാമ്പിലൂടെയാണ് കൊടുങ്ങല്ലൂരിലെ അരവിന്ദാക്ഷൻ–തങ്കമണി ദമ്പതികളുടെ മകളായ മഞ്ജു അടുത്തിലയിലെ ഗോവിന്ദന്റെയും കാർത്ത്യായനിയുടെയും മകൻ സുരേഷിനെ കണ്ടുമുട്ടുന്നത്. ഇരുവരും തങ്ങളുടെ ശാരീരിക പരിമിതികൾ ഉൾക്കൊണ്ടുതന്നെ പരസ്പരം മനസുകൊണ്ട് അടുക്കുകയായിരുന്നു. തങ്ങളുടെ 90 ശതമാനം ആവശ്യങ്ങളും സ്വയം നിർവഹിക്കാൻ കഴിയുമെന്നു പരസ്പരം ഉൾക്കൊണ്ടതോടെയാണു ബന്ധുക്കൾ മുൻകൈയെടുത്ത് ഇവരെ വിവാഹത്തിലൂടെ കൂട്ടിച്ചേർത്തത്.


രാമപുരം ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതരായ ഇരുവരെയും അനുഗ്രഹിക്കാൻ ഫ്ളൈയിലെ വീൽചെയർ സുഹൃത്തുക്കളും എത്തിയിരുന്നു.

സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹായത്തോടെ കുട നിർമാണവും സോപ്പ് നിർമാണവുമൊക്കെ നടത്തിയാണു സുരേഷ് ഉപജീവനമാർഗം കണ്ടെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.