രമേശ് ചെന്നിത്തല ഇനി സർക്കാരിനെ തിരുത്തും
രമേശ് ചെന്നിത്തല ഇനി സർക്കാരിനെ തിരുത്തും
Sunday, May 29, 2016 12:45 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ മാനസ പുത്രനായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ആദ്യാക്ഷരം കുറിച്ച രമേശ് ചെന്നിത്തല എന്ന പയ്യന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇരുപതുകൾ പിന്നിട്ടപ്പോൾ തന്നെ എംഎൽഎയും മന്ത്രിയുമായി. പിന്നീടു കെ. കരുണാകരന്റെ ശൈലികളെ തിരുത്താനായി തിരുത്തൽ വാദിയായി. തിരുത്തൽവാദത്തിനും മൂന്നാം ഗ്രൂപ്പിനും ഒടുവിൽ ദേശീയ ഭാരവാഹിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായി. ഇനി പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവായി സർക്കാരിനെ തിരുത്താനായി പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്ക്.

1970 ൽ ചെന്നിത്തല ഹൈസ്കൂളിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രമേശ് 1971 ൽ കെഎസ് യു മാവേലിക്കര താലൂക്ക് ജനറൽ സെക്രട്ടറിയായി. തുടർന്ന് ആലപ്പുഴ ജില്ലാ ട്രഷറർ, സെക്രട്ടറി, സംസ്‌ഥാന നിർവാഹക സമിതി അംഗം, സംസ്‌ഥാന വൈസ് പ്രസിഡന്റ് സ്‌ഥാനങ്ങളിലെത്തി. 1980 ൽ കെഎസ്യു സംസ്‌ഥാന പ്രസിഡന്റായി.

1982ൽ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്ന് 26–ാം വയസിൽ നിയമസഭാംഗമായി. അടുത്ത വർഷം എൻഎസ്ഐ ദേശീയ പ്രസിഡന്റായി. 1986 ൽ 28–ാം വയസിൽ കരുണാകരൻ മന്ത്രിസഭയിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. ആ വർഷം തന്നെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി. 87 ൽ ഹരിപ്പാട് നിന്നു നിയമസഭാംഗമായി. 1989 ൽ കോട്ടയത്ത് നിന്നു ലോക്സഭാംഗമായി. 1990 ൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാകുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യാക്കാരനുമായി. 1991 ൽ കോട്ടയത്തു നിന്നു രണ്ടാം തവണ യും പാർലമെന്റംഗമായി.


ഇക്കാലയളവിൽ കെ. കരുണാകരന്റെ പ്രവർത്തന ശൈലയിൽ പ്രതിഷേധിച്ചു ജി. കാർത്തികേയനും എം.ഐ. ഷാനവാസിനുമൊപ്പം തിരുത്തൽ വാദത്തിന്റെ നേതാവായി. തുടർന്നു കോൺഗ്രസിലെ മൂന്നാം ഗ്രൂപ്പിന്റെ നേതാവായി.

1995ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1998 ൽ എഐസിസി സെക്രട്ടറിയായി. 2001ൽ അഞ്ച് സംസ്‌ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. 2004ൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായ വർക്കിംഗ് കമ്മിറ്റി അംഗമായി.

2005 ജൂൺ 24 നു കെപിസിസി പ്രസിഡന്റായി. 2011 ൽ ഹരിപ്പാട് നിന്നു മൂന്നാം തവണ നിയമസഭയിലേക്ക്. 2014 ജനുവരി ഒന്നിനു കേരളത്തിന്റെ ആഭ്യന്തര– വിജിലൻസ് വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്നു നാലാം തവണയും നിയമസഭയിലെത്തി. നാലു തവണ വീതം എംപിയും എംഎൽഎയുമായി. ഇപ്പോൾ പ്രതിപക്ഷ നേതാവും.

ഭാര്യ: അനിത (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഡെവലപ്മെൻറ് ഓഫീസർ). മക്കൾ: ഡോ. രോഹിത് (എംഎസ് റേഡിയോളജി വിദ്യാർഥി, അമൃത മെഡിക്കൽ കോളജ്), രമിത് (എൻജിനിയർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.