പ്രവാസിയുടെ കൊലപാതകം: പമ്പയാറ്റിൽനിന്ന് ഇടതുകൈ കണ്ടെത്തി
പ്രവാസിയുടെ കൊലപാതകം: പമ്പയാറ്റിൽനിന്ന് ഇടതുകൈ കണ്ടെത്തി
Sunday, May 29, 2016 12:36 PM IST
ചെങ്ങന്നൂർ: കൊല്ലപ്പെട്ട അമേരിക്കൻ മലയാളിയായ ചെങ്ങന്നൂർ സ്വദേശി ജോയിയുടെ ചില ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി. ജോയിയുടേതെന്നു കരുതുന്ന ശരീരഭാഗം പമ്പയാറ്റിൽനിന്നാണ് പോലീസ് കണ്ടെടുത്തത്. ജോയിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മകൻ ഷെറിൻ ജോയിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പമ്പയാറ്റിൽ തെരച്ചിൽ നടത്തിയത്. തിരുവനന്തപുരത്തിനു പോയി മടങ്ങുന്നതിനിടെ പിതാവുമായി കാറിൽ വച്ചു വാക്കുതർക്കമുണ്ടായെന്നും പിതാവ് തോക്കെടുത്തു ഭീഷണിപ്പെടുത്തിയപ്പോൾ താൻ തോക്കു പിടിച്ചു വാങ്ങി വെടിവച്ചെന്നുമാണ് ഷെറിന്റെ മൊഴി. വെടിയേറ്റു മരിച്ച ജോയിയുടെ മൃതദേഹം ഇവരുടെ തന്നെ ഗോഡൗണിൽ എത്തിച്ചു കത്തിച്ച് അവശിഷ്‌ടങ്ങൾ പമ്പയാറ്റിൽ ഒഴുക്കിയെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണു മൃതദേഹത്തിന്റെ ഇടതുകൈയുടെ ഭാഗം പാണ്ടനാട് ഇടക്കടവു ഭാഗത്തു കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ ഷെറിൻ പറഞ്ഞ പല ഭാഗങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ കൈയുടെ ഭാഗം ജോയിയുടേതാണെന്നു സ്‌ഥിരീകരിക്കാനാകൂ.

അതേസമയം, ഷെറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുന്നുണ്ട്. കാർ സർവീസ് ചെയ്യാനായി തിരുവനന്തപുരത്തേക്കു പോയി തിരിച്ചുവരവേ ഉണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇയാൾ പോലീസിനു നല്കിയ മൊഴി. എന്നാൽ, മുളക്കുഴയിൽ വച്ചാണ് വെടിയുതിർത്തതെന്ന് ആദ്യം പറഞ്ഞ ഇയാൾ പിന്നീടു ഗോഡൗണിൽ വച്ചാണു കൊലപാതകം നടന്നതെന്നു മാറ്റി പറഞ്ഞു.


ഷെറിൻ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ചെങ്ങന്നൂർ മാർക്കറ്റ് റോഡിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള ഉഴത്തിൽ ബിൽഡിംഗിസിൽ എത്തി മൃതദേഹം കത്തിച്ച ശേഷം അവശിഷ്‌ടങ്ങൾ ചാക്കിൽകെട്ടി പമ്പാനദിയിലെ ആറാട്ടുപുഴയിൽ ഒഴുക്കിയതായാണു പോലീസിന്റെ നിഗമനം.

ബിൽഡിംഗിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ രക്‌തക്കറകളും മറ്റും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കോട്ടയത്തുനിന്നു ഷെറിനെ പിടികൂടിയത്. ചോരപ്പാടുകളും മറ്റും ഒഴിവാക്കാൻ കാർ കോട്ടയത്തു സർവീസ് നടത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇയാൾ. ഷെറിൻ സഞ്ചരിച്ച സ്കോഡാ കാറും കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന തോക്കും പോലീസ് കോട്ടയത്തുനിന്നു കണ്ടെത്തിയിരുന്നു. ഇയാൾ കോട്ടയത്തു തങ്ങിയ ഹോട്ടൽ മുറിയിലും പോലീസ് പരിശോധന നടത്തി.

പിതാവിന്റെ വഴിവിട്ട ജീവിതവും സ്വത്തുത്തർക്കവുമാണു കൊലപാതകത്തിനു കാരണമായി ഇയാൾ പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഷെറിന്റെ മാതാവ് മറിയാമ്മയെയും സഹോദരൻ ഡെവിഡിനെയും പോലീസ് ചോദ്യംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.